മുംബൈ: കാമുകിയെ കൊന്ന് മൃതദേഹം കുഴിയില്‍ തള്ളിയ കേസില്‍ യുവാവ് പിടിയില്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നടന്ന ഭക്തി ജിതേന്ദ്ര മയേക്കര്‍ (26) വധക്കേസിലാണ് ദുര്‍വാസ് ദര്‍ശന്‍ പാട്ടീല്‍ അറസ്റ്റിലായത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിന് ശേഷമാണ് കേസ് പൊലീസ് തെളിയിച്ചത്.

ഓഗസ്റ്റ് 17ന് വീട്ടില്‍ നിന്ന് സുഹൃത്തിനെ കാണാനായി പുറപ്പെട്ട മയേക്കര്‍ തിരിച്ചെത്തിയില്ലെന്ന് കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്തതോടെ ഖണ്ഡാല മേഖലയിലാണ് യുവതിയെ അവസാനമായി കണ്ടത് എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സംശയം തോന്നിയ അന്വേഷണസംഘം പാട്ടീലിനെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലില്‍ മയേക്കറെ താനാണ് കൊന്നതെന്ന് പ്രതി സമ്മതിച്ചു. മൃതദേഹം അംബ ഘട്ടില്‍ ഉപേക്ഷിച്ചതായും ഇയാള്‍ വെളിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായി വിവാഹം കഴിക്കാനുള്ള കാര്യം പറഞ്ഞ് ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വീണ്ടെടുത്ത പൊലീസ്, പാട്ടീലിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.