- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അദ്ധ്യാപികയായി നടിച്ച് യുവാവ് പെൺകുട്ടികളെ പീഡിപ്പിച്ചു
ഭോപ്പാൽ: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് വനിതാ കോളേജ് പ്രൊഫസായി നടിച്ച് ആദിവാസി പെൺകുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ഗോത്രവിഭാഗത്തിൽ പെട്ട ഏഴ് പെൺകുട്ടികളെ 30 കാരൻ പീഡിപ്പിച്ചത്.
' ബ്രജേഷ് പ്രജാപതി എന്ന മുഖ്യപ്രതിയെയും, അയാളുടെ രണ്ടുകൂട്ടാളികളെയും അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ ഒന്നാമത്തെ പെൺകുട്ടിയുടെ നമ്പർ സംഘടിപ്പിച്ചത് രണ്ട് കൂട്ടാളികളാണ്. ആപ്പ് സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത വോയ്‌സ് ചേഞ്ചിങ് ആപ്പ് ഉപയോഗിച്ച് ഇയാൾ വനിതാ കോളേജ് പ്രൊഫസായി നടിക്കുകയായിരുന്നു. വളരെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള ഗോത്രവിഭാഗത്തിൽ പെട്ട പെൺകുട്ടികളെയാണ് ഇയാൾ സ്‌കോളർഷിപ്പ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുടുക്കിയത്', സിദ്ധി പൊലീസ് സൂപ്രണ്ട് രവീന്ദ്ര വർമ്മ പറഞ്ഞു.
ഇതുവരെ നാലുപെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. മറ്റുമൂന്നുപെൺകുട്ടികളെ താൻ ബലാൽസംഗം ചെയ്തതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരുകേസിൽ പ്രതി യുവതിയെയും അവരുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ബ്രജേഷ് പ്രജാപതിക്കെതിരെ പോക്‌സോ കേസും ചുമത്തി.
.ഈ വർഷം ജനുവരി മുതൽ മെയ് വരെ ഏഴ് ആദിവാസി പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കോളർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നത്. പ്രതിക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴ് പെൺകുട്ടികളെയും ബ്രിജേഷ് പീഡിപ്പിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇയാൾക്കൊപ്പം പ്രതി സ്ഥാനത്തുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പീഡനത്തിനിരയായ പെൺകുട്ടികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്നും സിദ്ധി എസ് പി രവീന്ദ്ര വർമ പറഞ്ഞു. ഇരകളുടെ ഫോൺ നമ്പറുകൾ പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികൾ പഠിക്കുന്ന കോളേജിലെ അദ്ധ്യാപികയുടെ ശബ്ദത്തിലാണ് ആപ്പിന്റെ സഹായത്തോടെ പ്രതികൾ സംസാരിക്കുന്നത്. ശേഷം സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെന്ന വ്യാജേന പെൺകുട്ടികളെ വിളിച്ചുവരുത്തും. അവിടെ വച്ച് അദ്ധ്യാപികയുടെ മകനാണെന്ന് പരിചയപ്പെടുത്തി പ്രതികൾ പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിന് ശേഷം യുവതികളുടെ ഫോണുകൾ തട്ടിയെടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് സ്ത്രീകളുടെ ഫോൺ നമ്പറുകൾ ഫോണിലെ കോണ്ടാക്റ്റിൽ നിന്ന് ശേഖരിച്ച ശേഷം അവരെ വിളിച്ചുവരുത്തുകയായിരുന്നു ഇയാളുടെ പതിവ്. പെൺകുട്ടികൾ കോളേജിൽ പോകുന്നവരല്ലെങ്കിൽ, സർക്കാർ പദ്ധതികളിലെ ആനുകൂല്യം വാഗ്ദാനം ചെയ്താണ് കാട്ടിലേക്ക് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. ഒരുകേസിൽ, പീഡിപ്പിക്കാനായി ബൈക്കിൽ കാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അതിജീവിത രക്ഷപ്പെട്ടതോടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. തൊഴിലാളിയായ പ്രതി യൂടൂബ് നോക്കിയാണ് വോയ്‌സ് ചേഞ്ചിങ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പഠിച്ചത്.