- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കറി ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ സാധനങ്ങൾ എന്തെങ്കിലും വാങ്ങാനുണ്ടോയെന്നു ഭാര്യയോട് വിളിച്ചു ചോദിച്ചു; പിന്നീട് ഒരുവിവരവും ഇല്ല; നാലുമാസത്തിന് ശേഷം അരോളിയിലെ പത്മനാഭന്റെ തിരോധാനത്തിന് ഉത്തരമായി; കണ്ടെത്തിയത് കലൂരിൽ നിന്നും
കണ്ണൂർ: ദുരൂഹസാഹചര്യത്തിൽ പുതിയതെരുവിൽ നിന്നും കാണാതായ ബേക്കറി ജീവനക്കാരനെ മാസങ്ങൾക്കു ശേഷം വളപട്ടണം പൊലീസിന്റെ അന്വേഷണത്തിൽ എറണാകുളത്ത് നിന്നും കണ്ടെത്തി. പുതിയതെരുവിലെ അപ്പൂസ് ബേക്കറി ജീവനക്കാരൻ പാപ്പിനിശേരി അരോളി സ്വദേശി പപ്പൻ എന്ന പത്മനാഭനെയാണ്(65) കലൂരിൽ നിന്നും പൊലീസ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മെയ് പതിനാറിനാണ് ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ വളപട്ടണം പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സ്വിച്ച് ഓഫാക്കിയതായി കണ്ടെത്തിയതോടെ അന്വേഷണം പാതിവഴിയിൽ നിലച്ചിരുന്നു.
ഇതിനിടെ ഇയാളുടെ പേരിലുള്ള ആധാർകാർഡ് അപ്ഡേറ്റ് ചെയ്തതിന്റെ ഭാഗമായി പുതിയ ആധാർകാർഡ് തപാൽ മാർഗം വീട്ടിലെത്തിയിരുന്നു. വീട്ടുകാർ വിവരം വളപട്ടണം പൊലീസിന് കൈമാറി. തുടർന്ന് വളപട്ടണം ഇൻസ്പെക്ടർ എം ടി ജേക്കബിന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ഐ ഉണ്ണിക്കൃഷ്ണൻ, ആധാർ കാർഡ് പരിശോധിച്ചപ്പോൾ മറ്റൊരു ഫോൺനമ്പർ കണ്ടെത്തി. ഈ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ടവർ ലൊക്കേഷൻ എർണാകുളം കലൂരാണെന്ന് കണ്ടെത്തിയത്.
തുടർന്ന് എർണാകുളം സിറ്റി പൊലിസിന്റെ സഹായത്തതോടെ പത്മനാഭനെ കണ്ടെത്തുകയായിരുന്നു.ഇയാൾ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ചെയ്തുവരികയായിരുന്നു. ഇയാൾ കാണാതായ ദിവസം വൈകുന്നേരം ഉപയോഗിച്ച സ്‌കൂട്ടർ കോഴിക്കോടിനടുത്തെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടതായി മൊഴി നൽകിയിട്ടുണ്ട്. വളപട്ടണം പൊലിസ് പത്മനാഭനെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.
പുതിയതെരുവിലെ ബേക്കറി ജോലികഴിഞ്ഞു സാധനങ്ങൾ എന്തെങ്കിലും വാങ്ങാനുണ്ടോയെന്നു ഇയാൾ ഭാര്യയോട് വിളിച്ചു ചോദിക്കുകയും ഇതിനു ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുംവഴിയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ നാലുമാസമായി പൊലീസിനെ ഏറെ വെള്ളം കുടിപ്പിച്ച കേസുകളിലൊന്നാണ് പത്മനാഭന്റെ തിരോധാനം.മുൻ പ്രവാസിയായ പത്മനാഭന്റെ വീട്ടിൽ ഭാര്യയും വിവാഹിതയായ ഒരു മകളും മാത്രമാണുണ്ടായിരുന്നത്.