കൊൽക്കത്ത: സൈബറിടത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു താമസം തുടങ്ങിയവർ വഴക്കുകളെ തുടർന്ന് ഒരാളെ കൊലപ്പെടുത്തിയ വാർത്ത കൊൽക്കത്തയിൽ നിന്നും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫോട്ടോഗ്രാഫറായ യുവാവിന്റെ ജീവനെടുത്തത് ലിവ് ഇൻ പങ്കാളിയായ യുവതിയായിരുന്നു എന്നതായിരുന്നു വാർത്ത. കൊൽക്കത്തയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന സർഥക് ദാസി(30)നെയാണ് ഒപ്പംതാമസിച്ചിരുന്ന സൻഹതി പോൾ(32) കുത്തിക്കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയും കൊല്ലപ്പെട്ട യുവാവും ഏകദേശം രണ്ടുവർഷം മുൻപാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. ഇതിനുപിന്നാലെ ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. ഒന്നരവർഷം മുൻപാണ് വിവാഹമോചിതയായ യുവതിയും ഫോട്ടോഗ്രാഫറായ യുവാവും കൊൽക്കത്തയിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു.

അടുത്തിടെയായി ഇരുവരും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായാണ് വിവരം. അതേസമയം, സാമൂഹികമാധ്യത്തിൽ സർഥക് ദാസ് യുവതിക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വീട്ടിൽ നിത്യവും വഴക്കായിരുന്നെങ്കിലും സൈബറിടത്തിൽ ഇവർ മാതൃകാ കപ്പിൾസ് ആയിരുന്നു. വളരെ പ്രണയാർഥമായ ചിത്രങ്ങളായിരുന്നു ഇരുവരും പങ്കുവെച്ചിരുന്നത്.

'മൈ ബെറ്റർഹാഫ്, ലൗ ഓഫ് മൈ ലൈഫ്' തുടങ്ങിയ ഹാഷ്ടാഗോടെയാണ് യുവാവ് പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് 'ഫാമിലി' എന്ന ഹാഷ്ടാഗ് സഹിതം മറ്റൊരു ചിത്രവും സാമൂഹികമാധ്യത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പങ്കാളിയായ യുവതിയും ഇവരുടെ കുഞ്ഞുമാണ് യുവാവിനൊപ്പം ഈ ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ, ഈ ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം പങ്കാളിയുടെ കൈകളാൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു.

ഫോട്ടോഗ്രാഫറായ സർഥക് ദാസ് പാർട്ട് ടൈമായി ടാക്സി ഡ്രൈവറായും ജോലിചെയ്തിരുന്നു. സംഭവദിവസം രാത്രി ഒരു പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത് മടങ്ങിയ യുവാവ് മദ്യലഹരിയിലാണ് ഫ്ളാറ്റിലെത്തിയത്. തുടർന്ന് യുവാവും യുവതിയും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ യുവതി കത്തി കൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. ഒട്ടേറെ തവണ യുവാവിന്റെ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്. കൃത്യം നടത്തിയതിന് പിന്നാലെ പ്രതിയായ സൻഹിത തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേസിൽ പ്രതിയായ യുവതിയെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തു. യുവതി പൊലീസ് പിടിയിലായതോടെ ഇവർക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ യുവതിയുടെ മാതാപിതാക്കൾക്കൊപ്പം അയച്ചതായും പൊലീസ് പറഞ്ഞു.

യുവതി കുറ്റം സമ്മതിച്ചെന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പെട്ടന്നുള്ള ദേഷ്യം കൊണ്ട നടത്തിയ കൊലപാതമാണെന്നാണ് ഇവർ പൊലീസിൽ നൽകിയ മൊഴി.