തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ അയവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര കാരയ്ക്കൽ മാധവച്ചേരിൽ വടക്കേതിൽ വീട്ടിൽ തമ്പിയുടെ ഭാര്യ അമ്മിണി വർഗീസ് (65) നാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. അമ്മിണിയുടെ അയൽവാസി കുഴിയിൽ പുത്തൻ വീട്ടിൽ സജി (54) ആണ് ആക്രമിച്ചത്.

സംഭവ സമയം അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകം ചെയ്യുകയായിരുന്ന അമ്മിണിയെ അടുക്കളയിൽ കടന്നു കയറിയ സജി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

നിലവിളി കേട്ട് ഭർത്താവും അയൽവാസികളും ഓടി എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ അമ്മിണിയെ കണ്ടു. ഇതോടെ സജി സ്ഥലത്ത് നിന്നും രക്ഷപെട്ടു. അയൽവാസികൾ ചേർന്ന് വയറിന് ഗുരുതര പരിക്കേറ്റ അമ്മിണിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ അമ്മിണിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവ ശേഷം രക്ഷപെട്ട പ്രതിയെ പൊലീസ്വീടിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. പിതാവ് പാപ്പച്ചനെ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് പ്രതിയായ സജി പുറത്തിറങ്ങിയത്. 

ഈ കേസിൽ സജിക്കെതിരെ തമ്പിയും അമ്മിണിയും പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.