ചെന്നൈ: കണ്ടക്ടറോട് പകവീട്ടാന്‍ വേണ്ടി മദ്യലഹരിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പത്തുകിലോമീറ്ററോളം ദൂരം ഓടിച്ചുകൊണ്ടുപോയ ബസ് ലോറിയില്‍ ഇടിച്ചു നിന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ചെന്നൈയ്ക്കടുത്ത് ഗുഡുവഞ്ചേരിയില്‍ കാറിന്റെ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്യുന്ന എല്‍. അബ്രഹാം (33) ആണ് പിടിയിലായത്. ബെസന്റ് നഗര്‍ സ്വദേശിയായ ഇയാള്‍ തിരുവാണ്‍മിയൂരിലെ ഡിപ്പോയില്‍നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് മെട്രാപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എം.ടി.സി.) ബസ് തട്ടിയെടുത്തത്.

ഈസ്റ്റ് കോസ്റ്റ് റോഡില്‍ (ഇ.സി.ആര്‍.) നീലക്കരയില്‍വെച്ച് കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം ഘടിപ്പിച്ച ലോറിയുമായി ഇടിച്ചാണ് ബസ് നിന്നത്. കഴിഞ്ഞദിവസം എം.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ചില്ലറയെച്ചൊല്ലി കണ്ടക്ടറുമായി വാക്കേറ്റമുണ്ടായതായി അബ്രഹാം പറയുന്നു. തന്നെ ചീത്തവിളിച്ച കണ്ടക്ടറെ പാഠം പഠിപ്പിക്കുന്നതിനായി ബസ് തട്ടിയെടുക്കുകയായിരുന്നു.

മദ്യക്കുപ്പിയുമായി ബുധനാഴ്ച രാത്രി തിരുവാണ്‍മിയൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ അബ്രഹാം കാവല്‍ക്കാര്‍ ഉറങ്ങുന്ന സമയത്ത് ഡിപ്പോയ്ക്കുള്ളില്‍ കടന്നു. അവിടെനിന്ന് ബസെടുത്ത് ഇ.സി.ആറിലേക്കു കടന്നു. എം.ടി.സി. ജീവനക്കാരനല്ലാത്തയാള്‍ ബസുമായി പുറത്തുപോകുന്നത് ആരും ശ്രദ്ധിച്ചില്ല. നീലങ്കരയില്‍ അപകടമുണ്ടായപ്പോള്‍ ലോറി ഡ്രൈവറാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തിയപ്പോഴാണ് ബസ് ഓടിച്ചത് എം.ടി.സി. ഡ്രൈവറല്ലെന്നു മനസ്സിലായത്. നീലങ്കര പോലീസ് ഉടന്‍ തിരുവാണ്‍മിയൂര്‍ പോലീസിനെയും എം.ടി.സി അധികൃതരെയും വിവരമറിയിച്ചു. അപരിചിതനായ ഒരാള്‍ക്ക് എം.ടി.സി. ഡിപ്പോയില്‍നിന്ന് ബസുമായി പുറത്തുകടക്കാന്‍ എങ്ങനെ കഴിഞ്ഞെന്ന് അന്വേഷിക്കുന്നുണ്ട്. കൂട്ടിയിടിയില്‍ ബസിനോ ലോറിക്കോ കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടില്ല.

പുലര്‍ച്ചെ വാഹനങ്ങള്‍ അധികമില്ലാത്ത സമയമായതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കണ്ടക്ടറുമായുള്ള തർക്കമാണ് മോഷ്ടിക്കാൻ കാരണമെന്ന് എബ്രഹാം പൊലീസിനോട് പറ‌ഞ്ഞു. ഡിപ്പോയിൽ നിന്ന് ബസ് പുറത്ത് പോയതിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.