ഷൊര്‍ണൂര്‍: മലയാളത്തിലെ വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ദിലീപ് നായകനായ 'പഞ്ചാബിഹൗസ്'. ആ സിനിമക്കഥയിലെ കടക്കാരനായ നായകന്റ കഥ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ആ സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ് ഷൊര്‍ണൂരില്‍ നടന്നത്. സിനിമ സ്‌റ്റൈലില്‍ കടം പെരുകിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നു വരുത്തി നാടുവിട്ടയാളെ ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ബിസിനസ് ആവശ്യത്തിനായി കേരളത്തില്‍ വന്ന്, ഭാരതപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നു വരുത്തി നാടുവിട്ട ഗുജറാത്ത് സ്വദേശി ഹുനാനി സിറാജിനെയാണ് (39) ഷൊര്‍ണൂര്‍ പൊലീസ് ബംഗളൂരുവില്‍ കണ്ടെത്തിയത്. ഇയാള്‍ സെപ്റ്റംബര്‍ 17നാണ് റബര്‍ ബാന്‍ഡുമായി ബന്ധപ്പെട്ട ബിസിനസ് ആവശ്യത്തിന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് പാലക്കാട്, വടക്കഞ്ചേരി ഭാഗങ്ങളില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒന്നുരണ്ടാളുകളെ കണ്ടു. കൈയോടെ പണം നല്‍കിയാല്‍ മാത്രമേ ഉദ്ദേശിച്ച ബിസിനസ് നടക്കൂവെന്ന് അറിഞ്ഞതോടെ നിരാശനായി.

നാട്ടില്‍ ബിസിനസ് തകര്‍ച്ചയില്‍ 50 ലക്ഷത്തോളം രൂപ പലര്‍ക്കായി ബാധ്യതയും ഉണ്ടായിരുന്നു. അതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതായി. അതോടെ, ചെറുതുരുത്തി പാലത്തിന് മുകളില്‍ കയറി ഫോട്ടോകള്‍ എടുത്ത് ആത്മഹത്യ ചെയ്യുകയാണെന്ന് ഭാര്യയോട് വിളിച്ചുപറഞ്ഞ് ഫോട്ടോകള്‍ അയച്ചുകൊടുത്ത് ഫോണ്‍ ഓഫ് ചെയ്ത് പോവുകയായിരുന്നു.

ഗുജറാത്തില്‍നിന്ന് വന്ന ബന്ധുവിന്റെ പരാതി പ്രകാരം ഷൊര്‍ണൂര്‍ പൊലീസ് കാണാതായതിന് കേസെടുത്തു. അഗ്‌നിരക്ഷാസേന, ചെറുതുരുത്തി നിള ബോട്ട് ക്ലബ്, റസ്‌ക്യൂവര്‍ നിഷാദ് എന്നിവരുടെ സഹായത്താല്‍ ഭാരതപ്പുഴയില്‍ മൂന്നു ദിവസം വിശദമായ തിരച്ചിലും നടത്തി. പിന്നീട് ശാസ്ത്രീയവും അതിനൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്നും നാടുവിട്ടതാണെന്നും പൊലീസിന് ബോധ്യപ്പെട്ടത്.

ഇയാള്‍ കടന്നത് ബംഗളൂരുവിലേക്കാണെന്നും മനസ്സിലാക്കി, പ്രത്യേക പൊലീസ് സംഘം ബംഗളൂരുവില്‍ ചെന്ന് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി. തുടര്‍ന്ന് ബംഗളൂരുവില്‍ ഉബര്‍ ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്ന സിറാജിനെ മെജസ്റ്റിക്കില്‍വെച്ച് കണ്ടെത്തുകയായിരുന്നു. പണം കടം കൊടുക്കാനുള്ളവരെ അഭിമുഖീകരിക്കാനുള്ള വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് സിറാജ് പറഞ്ഞു.

ഒരു മാസത്തോളം ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിലാണ് ഷൊര്‍ണ്ണൂര്‍ പൊലീസ് സിറാജ് അഹമ്മദിനെ തേടിയെത്തിയത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ സിറാജിനെ കോടതി വിട്ടയച്ചു. കച്ചവടത്തിനായി പലരില്‍ നിന്നായി 50 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും, നഷ്ടം സംഭവിച്ചതിനാല്‍ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. കടക്കാരെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനലാണ് ആത്മഹത്യ ചെയ്യുകയാണെന്ന് വരുത്തി തീര്‍ത്ത് നാട് വിട്ടതെന്ന് സിറാജ് അഹമ്മദ് പൊലീസിനോട് പറഞ്ഞു.

ഷൊര്‍ണൂര്‍ എസ്.എച്ച്.ഒ വി. രവികുമാര്‍, എസ്.ഐ കെ.ആര്‍. മോഹന്‍ദാസ്, എ.എസ്.ഐമാരായ കെ. അനില്‍കുമാര്‍, കെ. സുഭദ്ര, സീനിയര്‍ സി.പി.ഒ സജീഷ് എന്നിവരാണ് കേസന്വേഷിച്ചത്. സിറാജിനെ ഒറ്റപ്പാലം ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു.