- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോസോഫ്റ്റിലെ പിഴവ് ബാക്ക് എന്‍ഡിലെ കള്ളക്കളിക്ക് തടസ്സമായി; ഗ്ലോബല്‍ ഓട്ടേജില് മണപ്പുറത്തെ കള്ളക്കളി പുറത്തെത്തി; ധന്യാ മോഹനെ കുടുക്കിയത് എന്ത്?
തൃപ്രയാര്‍: മണപ്പുറം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തില്‍നിന്ന് ഇരുപതു കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹന്റെ നടപടിയില്‍ പലവിധ സംശയങ്ങളുണ്ട്. എന്തുകൊണ്ട് കമ്പനി ഓഡിറ്റില്‍ ഇത് കണ്ടെത്തിയില്ല എന്നത് അടക്കമുള്ള സംശങ്ങള്‍. അതിനിടെ അഞ്ചുവര്‍ഷത്തിനിടെ 20 കോടിയോളം രൂപ തട്ടിയെടുത്ത ധന്യയുടെ കള്ളക്കളി പുറത്തായത് കഴിഞ്ഞയാഴ്ച ലോകം നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെയാണെന്ന പുതിയ തിയറിയും സജീവ ചര്‍ച്ചയാവുകയാണ്.
സോഫ്റ്റ്വേര്‍ ബാക്ക് എന്‍ഡിലൂടെ കൃത്യമായ സമയങ്ങളില്‍ തട്ടിപ്പ് മറയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തടസമായതു ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തില്‍ ധന്യക്കു തന്റെ തട്ടിപ്പ് മറയ്ക്കാന്‍ ആവശ്യമായ നീക്കം നടത്താനായില്ല. ഈ തിയറിയിലൂടെ സ്ഥാപനത്തിന് തട്ടിപ്പില്‍ പങ്കില്ലെന്ന വാദമാണ് സജീവമാകുന്നത്. ധന്യ മോഹന്‍ സ്ഥാപനത്തിന്റെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ ആപ്പിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കാളിയായിരുന്നു. ഈ അറിവ് ഉപയോഗിച്ചാണ് തട്ടിപ്പ് എന്നാണ് സൂചനകള്‍.
ബിടെക് പഠനത്തിനുശേഷം സ്വന്തമായൊരു മൊബൈല്‍ ആപ്പ് നിര്‍മിച്ച ധന്യയ്ക്ക് സാങ്കേതികമായി മികച്ച അറിവുണ്ടായിരുന്നു. കോഡിംഗിലെ മികവാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ആപ്പിന്റെ ബാക്ക് എന്‍ഡ് നന്നായറിയാവുന്ന പ്രതി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്നു തന്റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും പിതാവിന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്കുമാണു പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. ഡിജിറ്റല്‍ പേഴ്സണല്‍ ലോണിന്റെ പലിശയിനത്തില്‍ വകമാറ്റിയായിരുന്നു ഇതെല്ലാം.
അക്കൗണ്ടില്‍ കണക്കുകള്‍ ടാലിയാകാതെ വന്നതു സ്ഥാപനത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാന്‍ സ്ഥാപനം ഏല്പിച്ചതും ധന്യയെത്തന്നെയായിരുന്നു. തട്ടിപ്പ് പിടിക്കപ്പെടും എന്നായതോടെ ധന്യ ഒളിവില്‍ പോകുകയായിരുന്നു. ധന്യയുടെ അസാധാരണനടപടിയില് കമ്പനിക്കു സംശയംതോന്നി ധന്യയുടെ ഇടപാടുകള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ധന്യ മോഹനെ കൊടുങ്ങല്ലൂര്‍ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ധന്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള എട്ട് അക്കൗണ്ടുകളില്‍ എണ്ണായിരം സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മണപ്പുറം ഫിനാന്‍സിനു കീഴിലെ കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍ കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലം സ്വദേശിയായ ധന്യ മോഹന്‍. 2019 മുതല്‍ നടത്തിവന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. അന്വേഷണത്തിന് ഇഡിയും എത്താന്‍ സാധ്യത ഏറെയാണ്.
കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ധന്യ വെള്ളിയാഴ്ച രാത്രി കൊല്ലത്ത് ഈസ്റ്റ് പോലീസിനുമുന്നില്‍ ഹാജരായി കീഴടങ്ങുകയായിരുന്നു. പിന്നീട് തൃശൂരില്‍ എത്തിച്ച പ്രതിയെ വലപ്പാട് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യംചെയ്തത്. പ്രതി ധന്യ തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനും വസ്തുവകകള്‍ വാങ്ങുന്നതിനുമാണ് ഉപയോഗിച്ചത് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. റമ്മികളിയിലും ഇവര്‍ പണം ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു.