- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹിതയായ ദീപികയുമായി നിതീഷ് രണ്ട് വർഷമായി അടുപ്പത്തിൽ
മൈസൂരു: കർണാടകയിലെ മാണ്ഡ്യ മേലുകോട്ടെയിൽ അദ്ധ്യാപികയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ യുവാവ് കൃത്യമായ പ്ലാനിങ്ങോടെയാണ് കൃത്യം നിർവ്വഹിച്ചത്. വിവാഹിതയായ യുവതി അയൽവാസി യുവാവുമായി പ്രണയത്തിലാകുകയും ഈ വഴിവിട്ട ബന്ധത്തിലുണ്ടായ പാളിച്ചയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ ദീപിക വി. ഗൗഡ(28)യാണ് കൊല്ലപ്പെട്ടത്.
അദ്ധ്യാപികയുടെ നാട്ടുകാരനും സുഹൃത്തുമായ നിതീഷി(22)നെയാണ് ബുധനാഴ്ച ഹോസ്പേട്ടിൽനിന്ന് പൊലീസ് പിടികൂടിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.
മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സ്കൂളിലേക്ക് പോയ ദീപിക വൈകിട്ടും വീട്ടിൽ തിരിച്ചുവരാതിരുന്നതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂളിലേക്ക് പോയ ദീപിക, ഉച്ചയ്ക്ക് 12 മണിയോടെ സ്കൂളിൽനിന്ന് മടങ്ങിയെന്നായിരുന്നു വിവരം. എന്നാൽ, ഇതിനുശേഷം യുവതി എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മേലുകോട്ടെ കുന്നിന് സമീപം അദ്ധ്യാപികയുടെ സ്കൂട്ടർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച് ഇത് ദീപികയുടെ വാഹനമാണെന്ന് ഉറപ്പിച്ചു. പിന്നാലെ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ഒരു വിനോദസഞ്ചാരി പകർത്തിയ വീഡിയോക്ലിപ്പ് പൊലീസിന് കിട്ടിയിരുന്നു.
സ്കൂട്ടർ കണ്ടെത്തിയ സ്ഥലത്തുവെച്ച് ഒരുയുവതിയും യുവാവും വഴക്കിടുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് സമീപത്തെ ഒരിടത്ത് മണ്ണിളകിയനിലയിൽ കണ്ടത്. ഇവിടെനിന്ന് ദുർഗന്ധം വമിച്ചതും സംശയത്തിനിടയാക്കി. തുടർന്ന് ഇവിടെ മണ്ണുനീക്കി പരിശോധിച്ചതോടെയാണ് അദ്ധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്.
ദീപികയെ കാണാനില്ലെന്ന പരാതി നൽകിയതിന് പിന്നാലെ സമീപവാസിയായ നിതീഷിനെക്കുറിച്ചുള്ള വിവരം യുവതിയുടെ ഭർത്താവ് പൊലീസിന് കൈമാറിയിരുന്നു. ദീപികയെ അവസാനം വിളിച്ചത് നിതീഷാണെന്നാണ് ഭർത്താവും കുടുംബവും ആരോപിച്ചിരുന്നത്. തുടർന്ന് പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കാണാനില്ലെന്ന് വ്യക്തമായി. പ്രതിയുടെ മൊബൈൽഫോണും സ്വിച്ച് ഓഫായിരുന്നു.
കൊല്ലപ്പെട്ട ദീപികയും പ്രതി നിതീഷും പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി നിവാസികളാണ്. ഭർത്താവിന്റെയും ഏഴുവയസുള്ള മകന്റെയും കൂടെയായിരുന്നു അദ്ധ്യാപികയായ ദീപികയുടെ താമസം. സമീപവാസികളായ നിതീഷും ദീപികയും തമ്മിൽ രണ്ടുവർഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യമറിഞ്ഞ ദീപികയുടെ കുടുംബം നിതീഷിന് താക്കീത് നൽകി. ദീപികയുമായുള്ള സൗഹൃദത്തിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ദീപിക നിതീഷുമായി അകലം പാലിച്ചിരുന്നതായാണ് വിവരം. തുടർന്നാണ് പ്രതി യുവതിയെ കൊലപ്പെടുത്താനായി പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്ന ശനിയാഴ്ച നിതീഷിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞാണ് പ്രതി ദീപികയെ മേലുകോട്ടെ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ സംശയം. തുടർന്ന് ഇവിടെവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ദീപിക അകലം പാലിച്ചതും ബന്ധം തുടരാതിരുന്നതുമാണ് തർക്കത്തിന് കാരണമായത്. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കുഴിച്ചിട്ട് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം യുവാവ് നാട്ടിൽനിന്ന് മുങ്ങിയത്. താൻ നാടുവിടുകയാണെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും പിതാവിന് സന്ദേശം അയച്ചശേഷമായിരുന്നു പ്രതി മാണ്ഡ്യയിൽനിന്ന് രക്ഷപ്പെട്ടത്. എന്നാൽ, പൊലീസ് നടത്തിയ തിരച്ചിലിൽ ഹൊസ്പേട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്.