- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാനെയും ലഷ്‌കർ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്തിൽ രണ്ടു കൊല്ലം മുമ്പ് ആദ്യ അറസ്റ്റ്; യുഎപിഎയിൽ ജാമ്യം കിട്ടിയപ്പോൾ ശിവമോഗയിൽ ബോംബ് നിർമ്മാണം; ഒളിച്ചു താമസിച്ചത് ആലുവയിലും കോയമ്പത്തൂരിലും മൈസൂരിലും; ഷാരിഖിന് കൊച്ചിയിലും സുഹൃത്തുക്കൾ; മംഗലാപുരത്തേത് തീവ്രവാദ ആക്രമണ പദ്ധതി
മംഗ്ലൂരു: മംഗലാപുരത്ത് നടന്ന സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഷാരിഖിന് കേരളത്തിലും തീവ്രവാദ ബന്ധങ്ങൾ. അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ കണ്ണിയാണ് ഇയാൾ. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായി. ഇയാൾ മംഗലാപുരം നഗരത്തിൽ വലിയ സ്‌ഫോടനത്തിനാണ് പദ്ധതിയിട്ടത്. എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കോയമ്പത്തൂരിൽ ഈയിടെ ഉണ്ടായ സ്‌ഫോടനത്തിന് സമാനമാണ് കാര്യങ്ങൾ.
മംഗ്ലൂരു സ്‌ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കും പങ്കുണ്ട്. ഇവർക്കായി 5 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രൻ എന്നയാളും കസ്റ്റഡിയിൽ ഉണ്ടെന്ന് എഡിജിപി പറഞ്ഞു. സ്‌ഫോടനത്തിനുള്ള സാധനസാമഗ്രികൾ വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് വ്യക്തമായി. ഇവ പിന്നീട് വാടക വീട്ടിൽ വെച്ച് യോജിപ്പിച്ച് ബോംബ് ഉണ്ടാക്കുകയായിരുന്നു. പൊതുസ്ഥലത്ത് ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി നഗുരി ബസ് സ്റ്റാന്റ് തിരഞ്ഞെടുത്തു. എന്നാൽ ഓട്ടോറിക്ഷയിൽ വെച്ച് അപ്രതീക്ഷിതമായി ബോംബ് പൊട്ടി. മൈസുരുവിൽ മെറ്റഗള്ളി ലോക നായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്.
ഷാരിഖ് തമിഴ്‌നാട്ടിൽ കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലും കഴിഞ്ഞിരുന്നു്. ആലുവയിലും ഇയാളെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണവുമായി കേരളാ പൊലീസും സഹകരിക്കും. യു എ പി എ കേസിലെ പ്രതികൂടിയായ ഷാരിഖ് താമസിച്ചിരുന്ന വാടക വീട്ടിൽ കുക്കർ ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളും മംഗളുരു പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്ക് തമിഴ് നാടുമായും ബന്ധമുണ്ട്. എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് കോയമ്പത്തൂരിൽ മനുഷ്യ ബോംബ് ആക്രമണം നടത്തിയ സംഭവവുമായി മംഗളുരു ഓട്ടോറിക്ഷ സ്ഫോടനത്തിന് സാമ്യമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെയും വിലയിരുത്തൽ.
ഐ.ഇ.ഡി സ്‌ഫോടനങ്ങൾക്കായി പല തീവ്രവാദ സംഘടനകളും ഉപയോഗിച്ചിരുന്ന പ്രഷർ കുക്കറും ബാറ്ററി ഓപ്പറേറ്റഡ് സർക്യൂട്ടിന്റെ അവശിഷ്ടങ്ങളും ഐ.ഇ.ഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന നട്ടുകളും ബോൾട്ടുകളും നാല് ഡ്യൂറാസെൽ ബാറ്ററികളുംഓട്ടോറിക്ഷയിൽ നിന്നു കണ്ടെത്തിയിരുന്നു. ഷാരിഖിന് കൊടും ഭീകരരായ ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. മംഗലാപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളുരു സ്വദേശിയായ പുരുഷോത്തമൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്.
യാത്രയ്ക്കിടെ ഘർഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗിൽ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവർ പറയുന്നത്. സ്‌ഫോടനം നടന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയിൽ ചികിത്സയിലാണ്. ഓൺലൈൻ വഴിയാണ് സ്‌ഫോടനം നടത്താനുള്ള വസ്തുക്കൾ വാങ്ങിച്ചത്. വാടക വീട്ടിൽ വച്ചാണ് ഇവ കൂട്ടിയോജിപ്പിച്ച് ബോംബാക്കിയത്. ഇതിനുള്ള പരിശീലനം ഇവർക്ക് എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമല്ല.
ഐ.ഇ.ഡികളിൽ സാധാരണ ഉപയോഗിക്കുന്ന അമോണിയം നൈട്രറ്റിന് പകരം തീപ്പെട്ടികളിലും വെടിമരുന്നിലും ഉപയോഗിക്കുന്ന തീവ്രത കുറഞ്ഞ ഫോസ്ഫറസ് പോലുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഹുബ്ബള്ളിയിൽ മേൽവിലാസമുള്ള പ്രേംരാജ് ഹുതാഗിയുടെ പേരിൽ ഉള്ളതാണത്. തുംകൂറിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നയാളാണ് പ്രേംരാജ് ഹുതാഗി. ഇയാൾ നാട്ടിൽ സുരക്ഷിതനാണ്. ആറ് മാസം മുമ്പ് പ്രേംരാജിന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടിരുന്നു.
ഷാരിഖ് സെപ്റ്റംബർ മാസം മുതൽ ഒളിവിൽ കഴിഞ്ഞുവരികയാണെന്നും തീവ്രവാദസംഘടനയായ അൽഹിന്ദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസിന്റെ രേഖകളിൽനിന്നാണ് ഓട്ടോറിക്ഷയിൽ സ്ഫോടനം നടത്തിയ യാത്രക്കാരൻ ഷാരിഖ് ആണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങൾ ബന്ധുക്കളും തിരിച്ചറിഞ്ഞു. മംഗളൂരുവിലെ കെട്ടിടങ്ങളിൽ താലിബാനെയും ലഷ്‌കർ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരിൽ ഷാരിഖിനെ 2020-ൽ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എയും ചുമത്തി. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ശിവമോഗയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി.
ശിവമോഗയിൽ നടന്ന സംഘർഷത്തിൽ ഐ.എസ്. ബന്ധമുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാരിഖ് ആണ് ബോംബ് നിർമ്മാണത്തിലടക്കം ഇവർക്ക് പരിശീലനം നൽകിയതെന്ന് കണ്ടെത്തിയത്. കേസിൽ പ്രതിചേർത്തതോടെ ഇയാൾ വീട്ടിൽനിന്ന് മുങ്ങുകയും ഒളിവിൽ കഴിഞ്ഞുവരികയുമായിരുന്നു. ആലുവയിൽ അടക്കം ഒളിച്ചു താമസിച്ചുവെന്നാണഅ സൂചന. ഷാരിഖിന്റെ മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് മൈസൂരുവിലെ ഒറ്റമുറി വീട്ടിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയത്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞമാസമാണ് നഗരത്തിലെ ഒറ്റമുറി വീട് പ്രതി വാടകയ്ക്കെടുത്തതെന്നാണ് മൈസൂരുവിലെ വീട്ടുടമയുടെ മൊഴി. മൊബൈൽ ഫോൺ റിപ്പയറിങ് തൊഴിലിനായി മൈസൂരുവിൽ വന്നതാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നതെന്നും വീട്ടുടമ പൊലീസിനോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ