മംഗളൂരു: മംഗളുരുവിൽ ഓട്ടോറിക്ഷയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവമോഗ സ്വദേശി ഷാരിഖ് ആലുവയിൽ എത്തിയിരുന്നെന്ന് വ്യക്തമായതോടെ, കേരള പൊലീസ് പരിശോധന തുടങ്ങി. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് കൂടുതൽ വിവരങ്ങൾക്കായി മംഗളൂരുവിലെത്തി. ശിവമോഗ സ്വദേശി ഷാരിഖിന്റെ ഐഎസ് ബന്ധവും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതിയായ ഇയാൾ ആലുവ മാത്രമല്ല, കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും സൂചനയുണ്ട്. ഏറണാകുളത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നും സ്‌ഫോടനം നടത്താനുള്ള ചില സാമഗ്രികൾ എത്തിയത് ആലുവയിൽ നിന്നാണെന്നും റിപ്പോർട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷാരിഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആലുവയിലെ ചില സ്ഥലങ്ങളിൽ പരിശോധനയും നടത്തി.

കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ വിളിച്ചുചേർത്തു. ചൊവ്വാഴ്ചയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. റോ ഉൾപ്പടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തേക്കും. കോയമ്പത്തൂരിലും മംഗളൂരുവിലും സ്‌ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നതിനും മുൻകരുതലുകളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുമാണ് യോഗം.

ഷാരിഖിന്റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായി. ഇയാൾ മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടത്. എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കോയമ്പത്തൂരിൽ ഈയിടെ ഉണ്ടായ സ്ഫോടനത്തിന് സമാനമാണ് കാര്യങ്ങൾ.

മംഗ്ലൂരു സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കും പങ്കുണ്ട്. ഇവർക്കായി 5 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രൻ എന്നയാളും കസ്റ്റഡിയിൽ ഉണ്ടെന്ന് എഡിജിപി പറഞ്ഞു. സ്ഫോടനത്തിനുള്ള സാധനസാമഗ്രികൾ വാങ്ങിയത് ഓൺലൈൻ വഴിയാണെന്ന് വ്യക്തമായി. ആലുവയിലെ വിലാസത്തിലാണ് ഈ സാമഗ്രികൾ എത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. മാത്രമല്ല, കോയമ്പത്തൂരിൽ കാറിൽ സ്ഫോടനമുണ്ടായതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ കോയമ്പത്തൂരിൽ പോയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.കോയമ്പത്തൂരിൽനിന്ന് മധുര, നാഗർകോവിൽ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെ ഒരു ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്.

സ്‌ഫോടന സാമഗ്രികൾ പിന്നീട് വാടക വീട്ടിൽ വെച്ച് യോജിപ്പിച്ച് ബോംബ് ഉണ്ടാക്കുകയായിരുന്നു. പൊതുസ്ഥലത്ത് ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി നഗുരി ബസ് സ്റ്റാന്റ് തിരഞ്ഞെടുത്തു. എന്നാൽ ഓട്ടോറിക്ഷയിൽ വെച്ച് അപ്രതീക്ഷിതമായി ബോംബ് പൊട്ടി. മൈസുരുവിൽ മെറ്റഗള്ളി ലോക നായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്. യു എ പി എ കേസിലെ പ്രതികൂടിയായ ഷാരിഖ് താമസിച്ചിരുന്ന വാടക വീട്ടിൽ കുക്കർ ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും മംഗളുരു പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്ക് തമിഴ്‌നാടുമായും ബന്ധമുണ്ട്. എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് കോയമ്പത്തൂരിൽ മനുഷ്യ ബോംബ് ആക്രമണം നടത്തിയ സംഭവവുമായി മംഗളുരു ഓട്ടോറിക്ഷ സ്‌ഫോടനത്തിന് സാമ്യമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെയും വിലയിരുത്തൽ.

ഐ.ഇ.ഡി സ്ഫോടനങ്ങൾക്കായി പല തീവ്രവാദ സംഘടനകളും ഉപയോഗിച്ചിരുന്ന പ്രഷർ കുക്കറും ബാറ്ററി ഓപ്പറേറ്റഡ് സർക്യൂട്ടിന്റെ അവശിഷ്ടങ്ങളും ഐ.ഇ.ഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന നട്ടുകളും ബോൾട്ടുകളും നാല് ഡ്യൂറാസെൽ ബാറ്ററികളുംഓട്ടോറിക്ഷയിൽ നിന്നു കണ്ടെത്തിയിരുന്നു. ഷാരിഖിന് കൊടും ഭീകരരായ ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കർണാടക പൊലീസ് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. മംഗലാപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളുരു സ്വദേശിയായ പുരുഷോത്തമൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്.

യാത്രയ്ക്കിടെ ഘർഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗിൽ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവർ പറയുന്നത്. സ്ഫോടനം നടന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയിൽ ചികിത്സയിലാണ്. ഓൺലൈൻ വഴിയാണ് സ്ഫോടനം നടത്താനുള്ള വസ്തുക്കൾ വാങ്ങിച്ചത്. വാടക വീട്ടിൽ വച്ചാണ് ഇവ കൂട്ടിയോജിപ്പിച്ച് ബോംബാക്കിയത്. ഇതിനുള്ള പരിശീലനം ഇവർക്ക് എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമല്ല.

ഐ.ഇ.ഡികളിൽ സാധാരണ ഉപയോഗിക്കുന്ന അമോണിയം നൈട്രറ്റിന് പകരം തീപ്പെട്ടികളിലും വെടിമരുന്നിലും ഉപയോഗിക്കുന്ന തീവ്രത കുറഞ്ഞ ഫോസ്ഫറസ് പോലുള്ള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഹുബ്ബള്ളിയിൽ മേൽവിലാസമുള്ള പ്രേംരാജ് ഹുതാഗിയുടെ പേരിൽ ഉള്ളതാണത്. തുംകൂറിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നയാളാണ് പ്രേംരാജ് ഹുതാഗി. ഇയാൾ നാട്ടിൽ സുരക്ഷിതനാണ്. ആറ് മാസം മുമ്പ് പ്രേംരാജിന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടിരുന്നു.

ഷാരിഖ് സെപ്റ്റംബർ മാസം മുതൽ ഒളിവിൽ കഴിഞ്ഞുവരികയാണെന്നും തീവ്രവാദസംഘടനയായ അൽഹിന്ദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസിന്റെ രേഖകളിൽനിന്നാണ് ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടത്തിയ യാത്രക്കാരൻ ഷാരിഖ് ആണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങൾ ബന്ധുക്കളും തിരിച്ചറിഞ്ഞു. മംഗളൂരുവിലെ കെട്ടിടങ്ങളിൽ താലിബാനെയും ലഷ്‌കർ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരിൽ ഷാരിഖിനെ 2020-ൽ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എയും ചുമത്തി. ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ശിവമോഗയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി.

ശിവമോഗയിൽ നടന്ന സംഘർഷത്തിൽ ഐ.എസ്. ബന്ധമുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാരിഖ് ആണ് ബോംബ് നിർമ്മാണത്തിലടക്കം ഇവർക്ക് പരിശീലനം നൽകിയതെന്ന് കണ്ടെത്തിയത്. കേസിൽ പ്രതിചേർത്തതോടെ ഇയാൾ വീട്ടിൽനിന്ന് മുങ്ങുകയും ഒളിവിൽ കഴിഞ്ഞുവരികയുമായിരുന്നു. ആലുവയിൽ അടക്കം ഒളിച്ചു താമസിച്ചുവെന്നാണഅ സൂചന. ഷാരിഖിന്റെ മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് മൈസൂരുവിലെ ഒറ്റമുറി വീട്ടിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയത്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞമാസമാണ് നഗരത്തിലെ ഒറ്റമുറി വീട് പ്രതി വാടകയ്‌ക്കെടുത്തതെന്നാണ് മൈസൂരുവിലെ വീട്ടുടമയുടെ മൊഴി. മൊബൈൽ ഫോൺ റിപ്പയറിങ് തൊഴിലിനായി മൈസൂരുവിൽ വന്നതാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നതെന്നും വീട്ടുടമ പൊലീസിനോട് പറഞ്ഞു.