ബംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.സംഭവത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച പ്രഷർ കുക്കറും ഗ്യാസ് ബർണറിന്റെ ഭാഗങ്ങളും കണ്ടെത്തി. സ്‌ഫോടനം നടന്ന ഓട്ടോയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കൂടാതെ, കുക്കറിൽ കത്തിയ ബാറ്ററികളുടെ ഒരു സെറ്റ് ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ടൈമറായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഉദ്ദേശിച്ചു മാത്രമാണ് സ്‌ഫോടനം നടന്നതെന്നും സ്‌ഫോടനത്തിന് തീവ്രത കുറവായിരുന്നെന്നും പൊലീസ് പറയുന്നു. ഓട്ടോയിൽ സഞ്ചരിച്ച യാത്രക്കാരനാണ് സ്‌ഫോടനം നടത്തിയതെന്നാണ് സംശയം.

മംഗളൂരു സ്ഫോടനത്തിന് പിന്നിൽ ശിവമോഗ സ്വദേശി ഷാരിക് എന്നയാളെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർക്കും സ്ഫോടനത്തിൽ പങ്കുള്ളതായി സൂചനയുണ്ട്. മംഗളൂരുവിലെ കൻകനഡി പ്രദേശത്ത് ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോയിൽ പൊട്ടിത്തെറിയുണ്ടായത്. ഷാരിക്കിനെ 2020ൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഷാരിക്, മൈസൂരുവിൽ താമസിക്കുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇയാൾ അവിടെ താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

കർണാടക ഹുബ്ബള്ളി സ്വദേശിയായ റെയിൽവേ ജീവനക്കാരന്റെ നഷ്ടപ്പെട്ട ആധാർ കാർഡാണ് ഷാരിക് ദുരുപയോഗം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. രണ്ടുവർഷത്തിനിടെ രണ്ടുതവണയാണ് റെയിൽവേ ജീവനക്കാരന് ആധാർ കാർഡ് നഷ്ടമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രേംരാജ് ഹുതാഗി എന്നാണ് ആധാർ കാർഡിലുള്ള പേര്. എന്നാൽ, ഹുബാള്ളിയിൽ നിന്നുള്ള റെയിൽവേ ജീവനക്കാരനാണ് ഈ പേരിലുള്ളയാൾ. ഇയാളുടെ ആധാർ കാർഡ് കാണാതായതിനെ തുടർന്ന് പുതിയതിന് അപേക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

40 ശതമാനം പൊള്ളലേറ്റ ഓട്ടോ യാത്രക്കാരൻ ചികിത്സയിലാണ്. അയാൾ മറ്റെവിടെയോ ആണ് സ്‌ഫോടനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പരിക്കുള്ളതിനാൽ സംസാരിക്കാനാകുന്നില്ല. ചികിത്സ നൽകുന്നുണ്ട്. പരിക്ക് ഭേദമായ ശേഷം ചോദ്യം ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന് കർണാടക പൊലീസ് സ്ഥിരീകരിച്ചിരുന്നു. സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവർത്തനമാണെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഓട്ടോറിക്ഷ മുന്നിൽ പോകുകയായിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിന് തൊട്ടുമുൻപാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് തൊട്ടുമുൻപ് ഓട്ടോയിൽ നിന്ന് തീ ഉയർന്നതായി ചിലർ പറഞ്ഞിരുന്നു. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.