കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികളാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍, ഇതടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

സാമുഹ്യമാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. 2019ല്‍ ആയിരുന്നു ശ്രീകുമാര്‍ മേനോന് എതിരെ മഞ്ജു വാര്യര്‍ രംഗത്ത് എത്തിയത്. 'ഒടിയന്‍' സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. ഡിജിപിക്ക് ആയിരുന്നു പരാതി നല്‍കിയത്.

ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള 'പുഷ്' കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.

പിന്നാലെ 2019 ഒക്ടോബര്‍ 23ന് തൃശൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു സംവിധായകനെതിരെ കേസെടുത്തിരുന്നത്.

2019 ഒക്ടോബര്‍ 27ന് വിഷയത്തില്‍ മഞ്ജു വാര്യരുടെ മൊഴി എടുത്തിരുന്നു. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നുമാണ് മഞ്ജു പൊലീസിന് മൊഴി നല്‍കിയത്. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്. ഹര്‍ജിയില്‍ മഞ്ജു വാര്യരോട് നിലപാട് തേടിയിരുന്നെങ്കിലും മറുപടി അറിയിച്ചിരുന്നില്ല.

വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക

അതേസമയം, വേട്ടയ്യന്‍ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രജനികാന്ത് നായകനായി എത്തിയ ഈ ചിത്രം മഞ്ജുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയായിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.