- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മഞ്ഞുമ്മൽ ബോയ്‌സ് ഊരാക്കുടുക്കിൽ; വിട്ടുവീഴ്ച കാട്ടാതെ പൊലീസും
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ ഊരാക്കുടുക്കിലെന്ന് റിപ്പോർട്ട്. സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസും നിലപാട് കടുപ്പിക്കുകയാണ്. അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയതാണ് ഇതിന് കാരണം. അതിശക്തമായ നിലപാടാണ് ഈ കേസിൽ പൊലീസ് എടുക്കുന്നത്.
സിനിമക്കാകെ 18.65 കോടി മാത്രം ചെലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി നിർമ്മാതാക്കൾ ശേഖരിച്ചിരുന്നുവെന്നും പത്തുകോടി അങ്ങനെ തന്നെ പ്രതികൾ കൈക്കലാക്കിയെന്നും മരട് എസ്എച്ച്ഒ ജി.പി. സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതായത് സിനിമാ ഷൂട്ടിങ് തുടങ്ങും മുമ്പേ നിർമ്മതാക്കൾക്ക് ലാഭം കിട്ടിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സിനെ വിലയിരുത്താമെന്ന അവസ്ഥ.
ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ് അണിയറ നീക്കങ്ങൾ. ഈ കേസ് അവസാനിച്ചില്ലെങ്കിൽ ഇഡിക്ക് എല്ലാ തലത്തിലും സിനിമയിൽ ഇടപെടാനാകും. എന്നാൽ അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിന്റെ കുരുക്ക് കൂടുതൽ മുറുക്കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്.
40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെ കബളിപ്പിക്കാൻ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നത് പറവ ഫിലിംസിന്റെ പേരിലുള്ള കടവന്ത്രയിലെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്സി ബാങ്കിന്റെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.
സിനിമയുടെ വരുമാനമായി വന്ന തുകയിൽ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കിൽ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റി. കിട്ടിയ തുകയിൽ നിന്നും മൂന്നരകോടി രൂപ എഫ്ഡി ആക്കി മാറ്റിയിട്ട് പോലും പ്രതികൾ ആവലാതിക്കാരന്റെ പക്കൽ നിന്ന് വാങ്ങിയ പണത്തിന്റെ ചെറിയ ഭാഗം പോലും തിരികെ കൊടുത്തില്ല. ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുൻകൂർ പദ്ധതിയുണ്ടായിരുന്നതിന് തെളിവായി ഇതിനെ ചൂണ്ടിക്കാണിക്കുന്നു.
മഞ്ഞുമ്മൽ ബോയ്‌സിനെതിരായ ഇ ഡി അന്വേഷണത്തിൽ സിനിമയുടെ നിർമ്മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടിയിട്ടുണ്ട്. സിനിമയുടെ ടിക്കറ്റ് കളക്ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിൽ ആണ് തീരുമാനം. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്.
സിനിമകളുടെ നിർമ്മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമ്മാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നടനും സഹനിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും വിളിപ്പിക്കും. സിനിമയുടെ ഒരു നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.