- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മഞ്ഞുമ്മൽ ബോയ്സ് അന്വേഷണം പുതിയ തലത്തിൽ
കൊച്ചി: കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ തെളിവ് കിട്ടിയ സാഹചര്യത്തിലാണ് ഇത്. മലയാള സിനിമയിൽ വമ്പൻ ഹിറ്റുകളുടെ കഥകളുയരുമ്പോഴാണ് ഇഡിയുടെ നീക്കം. സിനിമയുടെ ടിക്കറ്റ് കലക്ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമ സംശയ നിഴലിലാണ്. ഇതിനിടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. മുമ്പും ഇത്തരം അന്വേഷണങ്ങൾ ഇഡി നടത്തിയിട്ടുണ്ട്. എന്നാൽ അതിൽ വ്യക്തമായ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാൽ മഞ്ഞുമ്മൽ ബോയ്‌സിൽ തെളിവു കിട്ടിയതോടെയാണ് കള്ളപ്പണത്തിൽ ഇഡിയുടെ പുതിയ നീക്കം.
മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടിയെന്നാണ് സൂചന. 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമ്മാതാക്കൾ ഇ.ഡിക്കു കൈമാറിയെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്താനാണ് നീക്കം. നിർമ്മാണ വിജയം നേടിയ സിനിമകളുടെ നിർമ്മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം.
കേരളത്തിൽ ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ചു കാണിച്ച് സിനിമയുടെ റേറ്റിങ് ഉയർത്തിക്കാട്ടി കാണികളെ തിയേറ്ററിൽ എത്തിക്കുന്ന ഒരു ലോബി പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. മഞ്ഞുമ്മൽ ബോയ്‌സിന് സമാനമായി മറ്റു പല സിനിമകളുടെയും റേറ്റിങ് ഉയർത്തി കാണിക്കാൻ പിന്നിൽ ലോബികൾ പ്രവർത്തിക്കുന്നതായാണ് രണ്ടു നിർമ്മാതാക്കൾ നൽകിയ പരാതി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ചിലതും ഈ ലോബിയുടെ നിയന്ത്രണത്തിലാണെന്നും പരാതിയിലുണ്ട്. പ്രദർശനത്തിന് അഞ്ചും ആറും മണിക്കൂർ മുൻപുതന്നെ ബുക്കിങ് ആപ്പിൽ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകൾ പകുതിയിൽ അധികം ഒഴിഞ്ഞ സീറ്റുകളോടെ പ്രദർശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അടക്കമാണ് ഇ.ഡിക്കു പരാതി ലഭിച്ചത്. ഇതാണ് നിർണ്ണായകമായത്.
കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിർമ്മിക്കുന്ന ഇത്തരം ചിത്രങ്ങൾ ഇറങ്ങുന്നതിനു മുൻപു തന്നെ ലക്ഷക്കണക്കിനു രൂപയുടെ സൗജന്യ ടിക്കറ്റുകൾ ലോബിയുടെ കൈവശം എത്തും. ഇതു മുഴുവൻ സിനിമയുടെ യഥാർഥ ടിക്കറ്റ് കലക്ഷനായി കണക്കിൽ വരുത്തും. ഈ ലോബിയുമായി സഹകരിക്കാൻ തയാറാകാത്ത നിർമ്മാതാക്കളുടെ സിനിമകളെ തിയറ്ററിൽ നിന്നു പിൻവലിക്കാൻ ചരടുവലിക്കുന്നതായും ആക്ഷേപമുണ്ട്. മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പിൽ നടനും സംവിധായകനുമായ സൗബിൻ സാഹിറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ കള്ളപ്പണമിടപാടുകൾ സംബന്ധിച്ചാണ് ഇഡി അന്വേഷണം. സിനിമയ്ക്കായി ഒരു രൂപ പോലും നിർമ്മാണ കമ്പനി ചെലവാക്കിയില്ലെന്നും പണം നൽകിയവരെ കരുതികൂട്ടി ചതിച്ചുവെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. 200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂർ സ്വദേശി സിറാജ് വലിയതുറയും ചേർന്നു. മുടക്കുമുതലിന്റെ മൂന്നിലൊന്നും സിറാജാണ് നൽകിയതെന്നർത്ഥം. കളക്ഷന് അനുസരിച്ച് ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോൾ, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമർശിക്കപ്പെട്ടു.
എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്കോടതി, ഷോൺ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിർദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിൻ അടക്കമുള്ളവർ പല വാക്കുകളും നൽകി ബോധപൂർവം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. അതിനിടെ മഞ്ഞുമ്മലിന്റെ കളക്ഷൻ റെക്കാഡുകൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരം പുറത്തു വന്നത്.
തമിഴ്‌നാട്ടിൽ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകൾ ഹൗസ്ഫുൾ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി. തമിഴ്‌നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങൾക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നാണ് ആരോപണം. പാൻ ഇന്ത്യൻ ഹിറ്റായ പടം മുന്നൂറ് കോടിയിലേറെയാണ് വാരികൂട്ടിയത്. ചില്ലികാശ് മുടക്കാതെയായിരുന്നു പറവ ഫിലിംസിന്റെ ലാഭക്കൊയ്ത്ത്. പറവ ഫിലിംസിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28 കോടി 35 ലക്ഷം രൂപയാണ് സൗബിനും കൂട്ടരും വാങ്ങിയിട്ടുള്ളത്.
സിനിമയ്ക്കായി ഒരു രൂപ പോലും നിർമ്മാതാക്കൾ മുടക്കിയിട്ടില്ല. ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ സിനിമയ്ക്ക് ചെലവായി. ഇതിന്റെ ഇരുപതിരട്ടിയാണ് നിർമ്മാതാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത്. മൊത്തം കളക്ഷനിൽ നിന്നുള്ള നിർമ്മാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽ മാസത്തിൽ തന്നെ ലഭിച്ചു. സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയും വരുമാനമുണ്ടാക്കി. ഈ ദുരൂഹസാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. മലയാളത്തിലെ പലനിർമ്മാണ കമ്പനികളും നേരത്തെ തന്നെ ഇഡിയുടെയും ആദായി നികുതി വകുപ്പിന്റെയും നോട്ടപുള്ളികളാണ്.