കൊച്ചി: ഇരുമ്പനം കർഷക റോഡ് സ്വദേശി മനോഹരൻ പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് സ്വയം രക്ഷയ്ക്ക് കള്ളികളി തുടരുന്നു. പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റി തെളിവെടുപ്പിലാണ് ഇത് വ്യക്തമാകുന്നത്. മനോഹരനെ കസ്റ്റഡിയിലെടുത്തതെന്തിനെന്ന് അഥോറിറ്റി അംഗവും റിട്ട. ലോ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായിരുന്ന അരവിന്ദ് ബാബു ചോദ്യം ഉന്നയിച്ചു. പൊലീസ് പരിശോധനയ്ക്കിടെ വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ കാണിക്കാത്തതിനാലാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകൾ കൈവശമില്ലെങ്കിൽ 24 മണിക്കൂറിനകം ഹാജരാക്കിയാൽ മതിയെന്നാണ് ചട്ടം. ഇതിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ല. ഇപ്പോൾ വാഹന രേഖകളെല്ലാം ഓൺലൈനിൽ ലഭ്യമാണ്. പുക പരിശോധിച്ചിട്ടുണ്ടോ എന്ന് പോലും ഓൺലൈനിലൂടെ ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാം. ഈ കാലത്താണ് വാഹനത്തിൽ രേഖയില്ലെന്ന കാരണത്താലാണ് മനോഹരനെ സ്‌റ്റേഷനിൽ കൊണ്ടു വന്നതെന്ന് പൊലീസ് പറയുന്നത്. വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ഊരിയ മനോഹരനെ അടിച്ചുവെന്നതിൽ മിണ്ടാട്ടവുമില്ല പൊലീസിന്. ഏതായാലും പൊലീസ് കംപ്ലയന്റ് അഥോറിറ്റിയുടെ ഇടപെടൽ സത്യം പുറത്തു കൊണ്ടു വരുമെന്നാണ് പ്രതീക്ഷ.

സ്റ്റേഷനിലെത്തിയ ശേഷം വാഹനത്തിനുള്ളിൽ രേഖകളുണ്ടോെയന്നു പരിശോധിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ അത് പരിശോധിച്ചില്ലെന്നും അപ്പോഴേയ്ക്കും മനോഹരൻ കുഴഞ്ഞുവീഴുകയും പിന്നാലെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇതിനു വിപരീതമായ മൊഴിയോ പരാതിയോ കിട്ടിയാൽ അവരുടെ ഭാഗം കേൾക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അഥോറിറ്റി വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടാണ് അഥോറിറ്റി തെളിവെടുപ്പിനായി തൃപ്പൂണിത്തുറയിലെത്തിയത്. ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. സ്റ്റേഷനിലെ ജി.ഡി. രജിസ്റ്റർ പരിശോധിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.

മനോഹരൻ സ്റ്റേഷനിലെത്തിയതും ഉള്ളിൽ 15 മിനിറ്റും അതിനു ശേഷം പുറത്തുമായി നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ, സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. സ്റ്റേഷനിലെത്തിയ ശേഷം മനോഹരന് മർദനമേറ്റിട്ടില്ലെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് അഥോറിറ്റി അറിയിച്ചു. അതിനു മുൻപ് നടന്ന കാര്യങ്ങളിൽ വ്യക്തത കിട്ടിയിട്ടില്ലെന്നു പറയുന്നു.

പൊലീസ് പിടികൂടുമ്പോഴും സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിക്കും മർദനം നടന്നതായുള്ള പരാതി അഥോറിറ്റിക്ക് കിട്ടിയിട്ടില്ല. മർദനമേറ്റു എന്നതിലടക്കം പരാതി കിട്ടിയാൽ അവരുടെ മൊഴിയെടുക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റി വ്യക്തമാക്കി. അതായത് മനോരഹനെ മർദ്ദിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തൽ തൽകാലം അന്വേഷണ പരിധിയിൽ ഇല്ലെന്നതാണ് വസ്തുത. അങ്ങനെ പോയാൽ പൊലീസുകാർ കുറ്റവിമുക്തരാകും. ആരും പരാതി പറയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പൊലീസ് എടുക്കുന്നുണ്ടെന്നാണ് സൂചന

സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. എ.സി.പി പയസ് ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സസ്‌പെൻഷനിലായ എസ്‌ഐ ജിമ്മി ജോസ്, പട്രോളിംഗിന് ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർ, ഡ്രൈവർ, സാക്ഷികളായ നാട്ടുകാർ എന്നിവരുടെ മൊഴിയെടുത്തു.ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. മനോഹരനെ ശനിയാഴ്ച രാത്രി 9.30ഓടെ സ്റ്റേഷനിൽ എത്തിക്കുന്നതും കുറച്ചുസമയത്തിനുശേഷം കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ എസ്‌ഐക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനോഹരന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. എസ്‌ഐ ജിമ്മി ജോസ് ഇളയച്ഛനെ ഇരുമ്പനം മനയ്ക്കപ്പടി ഭാഗത്തുവച്ച് വാഹനപരിശോധനയ്ക്കിടെ മർദ്ദിച്ചതിന് ദൃക്സാക്ഷികളുണ്ടെന്ന് മനോഹരന്റെ ജ്യേഷ്ഠപുത്രൻ വിഷ്ണു പറഞ്ഞു. ഇളയച്ഛനെ ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചത് എസ്‌ഐയുടെ ക്രൂരമായ പെരുമാറ്റമാണ്. എസ്‌ഐക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

വാഹന പരിശോധനയ്ക്കിടെ മനോഹരനെ എസ്‌ഐ കസ്റ്റഡിയിലെടുത്തത് ബൈക്കിന് മതിയായ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിലെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ സഹപ്രവർത്തകർ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് വിശദീകരണം നൽകി. മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കൈ തട്ടിമാറ്റി മനോഹരൻ ബൈക്കുമായി മുന്നോട്ടുപോയെന്നുമാണ് പൊലീസുകാർ പറഞ്ഞത്. എസ്‌ഐയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ആരോപണം.

സസ്‌പെൻഷനിലായ എസ്‌ഐ ജിമ്മി ജോസിനെതിരെ നേരത്തെയും സമാനമായ പരാതികൾ ഉയർന്നിരുന്നു. തൃപ്പൂണിത്തുറയിൽ ഹോട്ടൽ നടത്തുന്ന സഹോദരങ്ങളെ ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി. മാർച്ച് നാലിനാണ് ജിമ്മി ജോസിനെതിരെ പരാതി വന്നത്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മർദിക്കുകയായിരുന്നുവെന്നാണ് സഹോദരങ്ങൾ പറയുന്നത്. തൃപ്പൂണിത്തുറയിലെ സഹോദരങ്ങളും മറ്റൊരു ഹോട്ടൽ ഉടമയും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് മർദിച്ചത്. പോക്കറ്റിൽ കൈയിട്ടെന്ന് ആരോപിച്ചായിരുന്നു മർദിക്കാൻ തുടങ്ങിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സംഭവത്തിന് മൂന്ന് ആഴ്ചക്ക് ശേഷവും റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.

മനോഹരനെ പൊലീസ് മർദിച്ചെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ നിർത്താൻ വൈകിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. മനോഹരന്റെ പിന്നാലെയെത്തിയ പൊലീസ് ഹെൽമറ്റ് ഊരിയപ്പോൾ തന്നെ മുഖത്തടിച്ചെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ജീപ്പിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. മനോഹരൻ മദ്യപിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെയാണ് മനോഹരനെ പൊലീസ് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു.