മലപ്പുറം: എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം 22ാം വയസ്സിൽ അവസാനിപ്പിച്ചതാണ് പ്രതിശ്രുത വരനെ അഴിക്കുള്ളിലാക്കുന്നത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലെ അറസ്റ്റാണ് പൊലീസ് നടത്തിയത്. മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരനായ യുവാവാണ് അറസ്റ്റിലായത്. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്തു നിന്ന് മടങ്ങി എത്തിയ ഉടനെയായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് തൃക്കളിയൂർ സ്വദേശിനി മന്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുതവരൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.

പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനംനൊന്തായിരുന്നു മന്യ വീട്ടിലെ കിടപ്പുമുറിയിൽ ആറു മാസം മുൻപ് തൂങ്ങിമരിച്ചത്. എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറിൽ ഇരു കുടുംബങ്ങളും ചേർന്നു നടത്തി. തുടർന്ന് ജോലിയാവശ്യാർഥം ഗൾഫിലേക്കു പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ വഴക്കിട്ടശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ വഴക്കിട്ട ശേഷം വിവാഹബന്ധത്തിൽനിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്ത് മന്യ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

വിദേശത്തായിരുന്ന അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിനു ലഭിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്‌പെക്ടർ എം.അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.

മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതാണ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഉടനെ അറസ്റ്റു ചെയ്യാനുള്ള കാരണം.