- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമഘട്ടം ചുവന്ന ഇടനാഴി വീണ്ടും മാവോയിസ്റ്റുകൾ സജീവമാക്കിയോ? കഴിഞ്ഞ ദിവസം വിയറ്റ്നാമിലിറങ്ങിയ സംഘത്തെ തിരിച്ചറിഞ്ഞില്ല; നാലുപേർ പച്ച യൂണിഫോമും ഒരാൾ സാധാരണ വേഷവും ധരിച്ചെന്ന് പ്രദേശവാസി; ആറളത്ത് തണ്ടർ ബോൾട്ട് തെരച്ചിൽ ശക്തമാക്കി
കണ്ണൂർ: പശ്ചിമഘട്ടം മലനിരകളിൽ വീണ്ടും മാവോയിസ്റ്റ് ഗറില്ലാ സംഘം പിടിമുറുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ആറളം വന്യജീവിസങ്കേതം, വയനാട് വനം, കർണാടകയുടെ മാക്കൂട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതം, എന്നിവ ഉൾപ്പെടെ ചേരുന്ന പശ്ചിമ ഘട്ടം മലനിരകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു സ്ഥിരീകരിച്ചതോടെ തണ്ടർ ബോൾട്ടുൾപ്പെടെയുള്ള മാവോയിസ്റ്റ് വിരുദ്ധ സേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഈ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കോർത്തിണക്കി ചുവന്ന ഇടനാഴി മാവോയിസ്റ്റുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലിസിന് കൈമാറിയിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ, കേളകം, പേരാവൂർ, ചെറുപുഴ, കരിക്കോട്ടക്കരി, പയ്യാവൂർ പൊലിസ് സ്റ്റേഷനുകൾക്ക് നേരത്തെ മാവോയിസ്റ്റ് ഭീഷണിയുണ്ട്. കൊട്ടിയൂരിനടുത്തെ അമ്പായത്തോട്, ആറളം പഞ്ചായത്തിലെ ഫാം പുനരധിവാസ മേഖല, വിയറ്റ്നാം, എന്നിവടങ്ങളിൽ നേരത്തെ മാവോയിസ്റ്റുകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തി ശേഖരിച്ചിരുന്നു. കൊട്ടിയൂർ, ആറളം പൊലിസ് സ്റ്റേഷനുകളിൽ കേസുകളുമുണ്ട്.
കഴിഞ്ഞ ദിവസം ആറളം പഞ്ചായത്തിൽ വീണ്ടും മാവോവാസ്റ്റിനെ കണ്ടതായി പ്രദേശവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വിയറ്റ്നാമിലെ റിജേഷിന്റെ വീട്ടിലാണ് ഇവരെത്തിയത്. തിങ്കളാഴ്‌ച്ച രാത്രി ഒരു സ്ത്രീ ഉൾപ്പെടുന്ന ആയുധധാരികളായ അഞ്ചംഗസംഘമെത്തിയെന്നാണ് റിജേഷിന്റെ മൊഴി. രാത്രി എട്ടുമണിക്ക് റിജേഷിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഇതുവാങ്ങികഴിച്ചതിനു ശേഷം അരി, സോപ്പ്, ഉപ്പ് തുടങ്ങിയ സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്.
നാലുപേർ പച്ച യൂനിഫോമും ഒരാൾ സാധാരണ വേഷവുമാണ് ധരിച്ചതെന്നു റിജേഷ് ആറളം പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ആറളം എസ്. ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിജേഷിൽ നിന്നും മൊഴിയെടുത്തത്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് റൂറൽ എസ്. പി കെ. ഹേമലത മലയോര പൊലിസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വിയറ്റ്നാമിലിറങ്ങിയ സംഘം കബനിദളത്തിലെ അംഗങ്ങളാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മാവോയിസ്റ്റ് സംഘങ്ങളിലേക്ക് കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും പുതിയ റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.




