- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പിയണ്ണന്റെ അറസ്റ്റ് പേര്യയിൽ തിരിച്ചറിവായി; തിങ്കളാഴ്ച സാധന ലിസ്റ്റ് നൽകി മടങ്ങിയെന്ന വിവരം ഓപ്പറേഷനായി; വീട്ടിലെത്തിയപ്പോൾ തന്നെ കണ്ടെങ്കിലും ക്ഷമ കാട്ടിയത് പുറത്തിറങ്ങുമ്പോൾ പിടികൂടാൻ; അപ്രതീക്ഷിത സംഭവങ്ങൾ ട്വിസ്റ്റായി; എകെ 47 ഉപയോഗിച്ച് തിരിച്ചടി; തോക്ക് കേടായത് ഉണ്ണിമായയെ കുടുക്കി; രാത്രിയിൽ ചപ്പാരത്ത് സംഭവിച്ചത്
മാനന്തവാടി: പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിൽവച്ചാണ് ചൊവ്വാഴ്ച രാത്രി മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈൽഫോൺ ചാർജ് ചെയ്യാനുമായി അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു.
രാത്രി ഏഴരയോടെയാണ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്. പലവിധ ജോലികൾ ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ് അനീഷ്. മാവോയിസ്റ്റുകൾ ഈ വീട്ടിൽ മുമ്പും എത്തിയിരുന്നു. ഇത് മനസ്സിലാക്കിയാണ് മേഖലയിൽ തണ്ടർബോൾട്ട് എത്തിയത്. ഈ വീടിന് ചുറ്റം മാവോയിസ്റ്റുകൾ തമ്പടിച്ചു. രാത്രിയോടെ മാവോയിസ്റ്റ് സംഘം എത്തിയതും കണ്ടു. പുറത്തിറങ്ങുമ്പോൾ പിടികൂടാനായിരുന്നു പദ്ധതി. എന്നാൽ രാത്രി പത്തരയോടെ വീട്ടിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നു. ഇവർ വീടു വളഞ്ഞ സേനയെ കണ്ടു. ഇതോടെ പരിഭ്രാന്തിയിൽ അവർ നിലവളിച്ചു. ഇതോടെ മാവോയിസ്റ്റുകൾ പുറത്തിറങ്ങി. പിന്നെ വെടിയും.
അകത്തുണ്ടായിരുന്ന മാവോയിസ്റ്റുകൾ പൊലീസിനുനേരെ പലതവണ വെടിയുതിർത്തു. ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. പൊലീസിന്റെ നീക്കത്തിൽ ചന്ദ്രുവും ഉണ്ണിമായയും പെട്ടുപോവുകയായിരുന്നു. ഇവരുടെ തോക്ക് പെട്ടെന്ന് പ്രവർത്തിക്കാതെയായതിനാൽ പൊലീസിന് എളുപ്പത്തിൽ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകൾ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതിൽ ഒരാൾക്ക് വെടിയേറ്റെന്നാണ് സൂചന. കബനീദളത്തിൽപ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.
വെടിവെപ്പ് നടക്കുന്ന സമയം അനീഷിന്റെ രണ്ടരവയസ്സുള്ള കുട്ടിയും അമ്മയും സഹോദരനും ഭാര്യയും വീടിനകത്തുണ്ടായിരുന്നു. താനും അമ്മയും ബാത്ത്റൂമിൽ അഭയംതേടുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. ടാക്സിഡ്രൈവറായും അനീഷ് ജോലി ചെയ്യുന്നുണ്ട്. തിങ്കളാഴ്ച മൂന്ന് സ്ത്രീകൾ വീട്ടിലെത്തി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് അനീഷ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നാലു മാവോയിസ്റ്റുകളും അവിടെയുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് അതീവ രഹസ്യമായി ഈ മേഖല തണ്ടർബോൾട്ട് വളഞ്ഞത്.
പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറോളം ഇത് തുടർന്നു. വെടിവെപ്പിൽ വീടിന്റെ മുൻവശത്തെ വാതിലിന് കേടുപറ്റിയതായും അനീഷ് പറഞ്ഞു. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് സഹായമെത്തിക്കുന്ന തമിഴ്‌നാട് സ്വദേശി പിടിയിലായിരുന്നു. തമ്പി എന്ന അനീഷ് ബാബുവിനെയാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ചൊവ്വാഴ്ച പിടികൂടിയത്. കൊയിലാണ്ടിക്കടുത്ത് വാഹനത്തിൽനിന്നാണ് തമ്പി പിടിയിലായത്. ഇതോടെയാണ് മാവോയിസ്റ്റ് തന്ത്രങ്ങൾ അറിയുന്നത്.
രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എൽ.ആറും പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണിമായയും ചന്ദ്രുവുമാണ് പിടിയിലായത്. ബാക്കിയുള്ളവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. തമ്പിയുടെ അറസ്റ്റാണ് നിർണ്ണായകമായത്. തമ്പി വയനാട്, കണ്ണൂർ വനാന്തരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളത്തിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകൾക്ക് പുറത്തുനിന്നുള്ള സാധനങ്ങൾ എത്തിക്കുന്ന തമ്പി 'കൊറിയർ' എന്നാണ് അറിയപ്പെടുന്നത്. നേരത്തേ വയനാട് പൊലീസ് ഇയാൾക്കെതിരേ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തമ്പി മാവോയിസ്റ്റുകൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ്.
മറുനാടന് മലയാളി ബ്യൂറോ