- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടരക്കമ്പനിക്കും കുണ്ടന്നൂർ തമ്പിക്കും ബദലായ ഭായി നസീർ; ശിഷ്യനായ മരട് അനീഷ് വളർന്ന് വലുതായി ഗുരുവിന് ഭീഷണിയായി; സ്റ്റാലിന്റെ എംഎൽഎയെ തട്ടിക്കൊണ്ടു പോയ കൊടും ക്രിമിനൽ; മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെതിരെ നടന്നത് വധശ്രമമെന്ന നിഗമനത്തിൽ പൊലീസ്. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ ഇയാളുടെ തലയിലും ദേഹത്തും മുഖത്തും മുറിവേറ്റു. അനീഷിനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ജയിൽ അസി.പ്രിസൺ ഓഫീസർ ബിനോയിക്കും പരിക്കേറ്റു. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വിയ്യൂർ ജയിലിലെ തടവുകാരായ അഷ്റഫ്, ഹുസൈൻ എന്നിവരാണ് ആക്രമണം നടത്തിയത്.സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷിനെ പാർപ്പിച്ചിരുന്നത്.
അന്തർസംസ്ഥാന കുറ്റവാളി മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷിനെ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത് ഈ മാസം ആദ്യമാണ്. കൊച്ചി സിറ്റി പൊലീസ് കമീഷണർ എ. അക്‌ബറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കേസുകളുള്ള അനീഷിനെതിരെ കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ് തുടങ്ങി 45ഓളം കേസുകളുണ്ട്. അനീഷിനെയും കൂട്ടാളികളെയും പിടികൂടുന്നതിന് 'കൊച്ചി സിറ്റി പൊലീസ് ഓപറേഷൻ മരട്' എന്ന പ്രത്യേക സംഘത്തിന് രൂപംനൽകിയിരുന്നു. ഈ കൊടുംകുറ്റാളിയെയാണ് കൊല്ലൻ ശ്രമിച്ചത്.
എതിർചേരിയിൽപെട്ട ഗുണ്ടാസംഘവുമായുള്ള സംഘട്ടനത്തിനിടെ പരിക്കേറ്റ് വലത്തെ തോളെല്ലിൽ നിന്നും മാംസപേശി വേർപെട്ട നിലയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു അനീഷ്. ഇതിനിടെയായിരുന്നു അറസ്റ്റുണ്ടായത്. ഈ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് വിയ്യൂർ ജയിലിലുമുണ്ടായത്. വ്യക്തമായ ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടായി എന്നാണ് നിഗമനം. ഹെപറ്റൈറ്റിസ് രോഗബാധിതരായ ഹുസൈനും അഷ്റഫും പരിശോധനയ്ക്ക് വന്നതായിരുന്നു. ജയിലിലെ ബാർബർ ഷോപ്പിൽ നിന്നും തന്ത്രപൂർവം കൈക്കലാക്കിയ ബ്‌ളേഡ് ഉപയോഗിച്ച് ഇരുവരും കരുതിക്കൂട്ടി അനീഷിനെ ആക്രമിച്ചു. അനീഷിനെ ലക്ഷ്യമിട്ടാണ് ഇവർ ഇവിടെ എത്തിയത്.
പിടിച്ചുമാറ്റാൻ ജീവനക്കാർ ശ്രമിച്ചപ്പോൾ ശരീരം മുറിച്ച് രക്തം ചീറ്റിക്കുമെന്ന് ഭീഷണി മുഴക്കുകയും സ്വയം മുറിക്കുകയും ചെയ്തു. പിടിച്ചു മാറ്റിയ ഉദ്യോഗസ്ഥൻ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. വ്യക്തി വൈരാഗ്യമാണ് അനീഷിനെ വധിക്കാൻ പ്രേരണ. കോഴിക്കോട് അമ്പായത്തോട് സ്വദേശിയാണ് അഷറഫ്. എറണാകുളം ജില്ലക്കാരനാണ് ഹുസൈൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്സ് വാർഡിലേക്ക് മാറ്റി. കൊച്ചിയിലെ ഗുണ്ടാപകയാണ് ഇതിന് പിന്നിലെന്നാണ് സൂചന.
തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ് നാട്ടിൽ ഡി.എം.കെ എംഎൽഎയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയാണ്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമക്കേസിലുമാണ് ഈ മാസം അറസ്റ്റുണ്ടായത്. അനീഷിനെതിരെ കളക്ടർ കാപ്പ ചുമത്തിയിരുന്നു. മരട് അനീഷ് കേരള പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളിലൊരാളാണ്. കുറ്റകൃത്യങ്ങൾക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന പ്രതിയെ ചില കേസുകളിൽ മാത്രമാണു അറസ്റ്റ് ചെയ്യാനായത്.
സാന്താക്ലോസ് വേഷം ധരിച്ചും കൊലപാതകം
15 വർഷം മുൻപു കുണ്ടന്നൂരിലെ വ്യാപാരിയെ രാത്രി വഴിയിൽ തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു പണം തട്ടിയ കേസിലാണ് അനീഷ് ആദ്യം പിടിയിലാകുന്നത്. നെട്ടൂരിലെ ഭായി നസീറിന്റെ ക്വട്ടേഷൻ സംഘത്തിലൂടെ വളർന്ന അനീഷ് പിന്നീട് ഇതേ സംഘത്തിന് എതിരായി. ഭായി നസീറും അനീഷും തമ്മിലുള്ള ഗുണ്ടാ കുടിപ്പക കത്തിനിന്ന കാലത്തു കൊച്ചിയെ നടുക്കിയ ഇംതിയാസ് വധക്കേസിൽ തെളിവുകളുടെ അഭാവത്തിൽ അനീഷിനെ കോടതി വെറുതേ വിട്ടതു പൊലീസിനു നാണക്കേടായിരുന്നു. സാന്താക്ലോസ് വേഷം ധരിച്ച കൊലയാളികൾ കാർ തടഞ്ഞു നിർത്തി ഇംതിയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
തട്ടിപ്പുകൾക്കു മറയിടാൻ ഇടക്കാലത്ത് ഹോട്ടൽ ബിസിനസിലേക്കു ചുവടു മാറിയിരുന്നു. കൊച്ചിയിലും പരിസരത്തും അടുത്തിടെ ഉയർന്ന ചില ഹോട്ടലുകളിൽ അനീഷിനു രഹസ്യ നിക്ഷേപം ഉണ്ടെന്നും വാർത്തകൾ വന്നികുന്നു. എങ്കിലും കൊള്ളയും ക്വട്ടേഷനും തുടർന്നു. 2019ൽ പാലക്കാട് ദേശീയപാത മുണ്ടൂർ പന്നിടംപായം വളവിൽ കാറിൽ കൊണ്ടുപോയ 96 ലക്ഷം രൂപ കുഴൽപണം കവർന്ന കേസിലെ മുഖ്യ പ്രതിയാണ് അനീഷ്.
ജാമ്യം കിട്ടിയപ്പോൾ കേക്കുമുറി ആഘോഷം
2022ൽ മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതോടെ കോടതി വളപ്പിൽ ക്വട്ടേഷൻ ഗുണ്ടകളുടെ ജന്മദിനാഘോഷം വൈറലായിരുന്നു. എംഡിഎംഎ കൈവശം വെച്ച കേസിൽ ജാമ്യം കിട്ടിയ ഗുണ്ട മരട് അനീഷും കൂട്ടരുമാണ് ആലപ്പുഴ കോടതി വളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന് പുന്നമടയിൽ എത്തിയപ്പോഴാണ് അനീഷിനെയും സംഘത്തെയും എംഡിഎംഎയുമായി പൊലീസ് പിടിച്ചത്.
അനീഷിനൊപ്പം കരൺ, ഡോൺ അരുൺ എന്നിവരടങ്ങിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പകൽ നിന്നും ആയുധവും പിടിച്ചെടുത്തിരുന്നു. കുറഞ്ഞ അളവിൽ മാത്രം മയക്കുമരുന്ന് പിടിച്ചതുകൊണ്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ആയിരുന്നു കോടതി വളപ്പിലെ ആഘോഷം.
ഭായി നസീറും അനീഷും
നമ്മുടെ കൊച്ചു കേരളത്തിലും ഗുണ്ടകളോ? പലരും ചോദിക്കുന്ന സംശയമാണിത്. എന്നാൽ കേരളം മുഴുവൻ പ്രധാന നഗരങ്ങളിൽ എല്ലാം അതിശക്തമായ ഗുണ്ടാ സംഘങ്ങൾ വാഴുന്നു എന്നതാണ് സത്യം. മുംബൈയിലെ പോലെ കോടികളുടെ കച്ചവടം ഉള്ള സിനിമാ ലോകത്തെ പോലും നിയന്ത്രിക്കുന്ന മാഫിയ അല്ലെങ്കിലും വെട്ടും കൊലയും പ്രതികാരം ചോദിക്കലും ഒക്കെയായി സജീവമായി തന്നെ കൊച്ചിയിലും ഗുണ്ടാ സംഘം ഉണ്ട്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഓരോ പ്രദേശവും ഓരോ ഗുണ്ടാസംഘവും നിയന്ത്രിച്ചിരുന്ന ഒരു കാലം എറണാകുളത്തിനുണ്ടായിരുന്നു. കുണ്ടന്നൂരിൽ തമ്പിയും വൈറ്റിലയിൽ വെട്ടിൽ സുരേഷും തമ്മനത്ത് ഷാജിയും തേവരയിൽ മകിടി കുട്ടനും ഏലൂരിൽ ചൗക്ക സാജുവും അടക്കിവാണിരുന്ന കാലം. അക്കാലത്ത് ഗുണ്ടാപ്പടകളും ധാരാളമായിരുന്നു. ഇതിലൊരു ഗുണ്ടാപ്പടയായിരുന്നു പതിനെട്ടര കമ്പനി. 19 ഗുണ്ടകൾ ഉണ്ടെങ്കിലും അവരിൽ ഒരാൾക്ക് പൊക്കം കുറഞ്ഞതിനാലാണ് ഈ പേര് വന്നത്. ചമ്പക്കര ചന്ത നിയന്ത്രണവും കപ്പം പിരിക്കലും പാർട്ടിക്ക് വേണ്ടിയുള്ള പണം വാങ്ങാതെയുള്ള കണ്ണൂർ മോഡൽ ക്വട്ടേഷനുമായിരുന്നു ഇവരുടെ പണി. ഗുണ്ടാപ്പടയുടെ നേതാവ് സുനിയുടെ കൊലപാതകം കഴിഞ്ഞതോടെ ചമ്പക്കര സതീശൻ ലീഡറായി. മറ്റൊരു കൊലക്കേസിൽ സതീശൻ ജയിലിൽ ആയതോടെ പതിനെട്ടര കൂട്ടം പൊളിഞ്ഞു.
തമ്മനം ഷാജി ഉൾപ്പെടെയുള്ള ഗുണ്ടകൾ ക്വട്ടേഷൻവർക്കിനൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിലെ നേതാക്കൾക്കു വേണ്ടി ഇടയ്ക്കു പ്രവർത്തിക്കും എന്നല്ലാതെ ഒരു നേതാവിനും വേണ്ടിയുള്ള ഓപ്പറേഷനുകളിൽ പങ്കാളി ആയിരുന്നില്ല. കുണ്ടന്നൂർ തമ്പിയുടെ കാലം വരെ ഈ നീക്കുപോക്കു തുടർന്നു. പരസ്പര സഹായം എന്നല്ലാതെ ഗുണ്ടകൾ ഒഴുക്കുന്ന രക്തത്തിന് രാഷ്ട്രീയക്കാർ ഒരുപരിധിവരെ കാരണക്കാർ ആയിരുന്നുമില്ല. ഇക്കാലത്താണ് ഭായ് നസീർ കളത്തിലിറങ്ങി തുടങ്ങുന്നത്. കുണ്ടന്നൂർ തമ്പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ഭായ് നസീർ സ്വന്തമായി ഗാങ് ആരംഭിച്ചു.
പിന്നീട് 2004 വരെ ഭായിയുടെ സന്തതസഹചാരിയായിരുന്ന മരട് അനീഷും സ്വന്തമായി ഗാംഗിനെ ഇറക്കി. വളരെപ്പെട്ടെന്ന് തന്നെ മരട് അനീഷും ഭായ് നസീറും ശത്രുക്കളായി. 2007 ജനവരി 10 ന് രാത്രിയിൽ ഭായ് നസീറിനു നേരെ അനീഷും സംഘവും ആക്രമണം നടത്തി. ബൈക്കിൽ വരികയായിരുന്ന നസീറിനെ വൈറ്റില തൈക്കൂടത്തുവച്ച് അനീഷും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. തോക്കും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ നസീറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ പകരംവീട്ടലും മണിക്കൂറുകൾക്കുള്ളിൽ നടന്നു. ഭായിയെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത ചരിത്രവുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ