തിരുവല്ല: മീന്തലക്കരയിലെ സ്പായില്‍ ജീവനക്കാരിയെ കത്തി കഴുത്തില്‍ വച്ച് ബലാല്‍സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി മരണം സുബിന്‍ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ ചാക്കോ(29)യെ കോടതി മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പിയാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ആകെ ആറു പ്രതികളെന്ന് പോലീസും 10 പേരുണ്ടെന്ന് അതിജീവിതയും പറയുന്ന കേസില്‍ ഇതു വരെ മൂന്നു പേരാണ് പിടിയിലായിട്ടുള്ളത്. സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസ്(38) സുബിനൊപ്പം തന്നെ പോലീസ് പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ നിരണം കോത്തേരില്‍ വീട്ടില്‍ വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാറിനെ(36) ഇന്നലെ പുലര്‍ച്ചെ ആലുവയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു.

ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയോടെയാണ് ഗുണ്ടാസംഘം സ്പായിലേക്ക് ഇരച്ചു കയറിച്ചെന്നത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടാണ് ഇവര്‍ ചെന്നത് എന്നാണ് പോലീസിന്റെ മൊഴി. നല്‍കാന്‍ ഉടമ വിസമ്മതിച്ചതോടെ ജീവനക്കാരിക്ക് നേരെ തിരിഞ്ഞു. ഇവരെ ആദ്യം ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി ലൈംഗികാതിക്രമം നടത്തുകയും പിന്നീട് അകത്തെ സ്പാബെഡിലേക്ക് പിടിച്ചു കൊണ്ടു പോയിട്ട് കഴുത്തില്‍ കത്തി വച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സ്പായില്‍ വന്ന കസ്റ്റമറെ ഇവര്‍ക്കൊപ്പം നിര്‍ത്തിയും കിടത്തിയുമൊക്കെ വീഡിയോ ചിത്രീകരിച്ചാണ് സംഘം മടങ്ങിയത്.

ജീവനക്കാരി ക്രൂരമായ പീഡനത്തിന് ഇരയായെങ്കിലും പരാതി നല്‍കാന്‍ സ്പാ ഉടമ തയാറായിരുന്നില്ല. ഇതിന് പിറകേ സ്പായില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇത് പ്രതികള്‍ തന്നെയാണ് പ്രചരിപ്പിച്ചത് എന്നാണ് വിവരം. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിരുവല്ല പോലീസ് സ്പായിലെത്തി ജീവനക്കാരിയില്‍ നിന്ന് പരാതി എഴുതി വാങ്ങുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തന്റെ മൊഴി എടുത്തില്ല എന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞത്.

ഇതിനിടെ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനാണ് നടന്നത് എന്ന് മീന്തലക്കരയിലെ സ്പാ ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവര്‍ക്ക് പോലീസില്‍ നിന്ന് സഹായമുണ്ടെന്നും പറഞ്ഞിരുന്നു. ഇതേ കാര്യം പ്രതി മരണ സുബിനും ബലാല്‍സംഗത്തിന് ഇരയായ ജീവനക്കാരിയോട് പറഞ്ഞിരുന്നു. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നുമായിരുന്നു സുബിന്റെ ഭീഷണി.

അതേ സമയം, സ്പാ ഉടമയുടെ വാദം ശരി വയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തിരുവല്ലയില്‍ കാപ്പ കേസ് പ്രതിക്ക് വരെ സ്പായുണ്ടെന്ന വിവരമാണ് പുറത്തു വന്നത്. പോലീസ് ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. ഫെബ്രുവരി 13 വരെ കസ്റ്റഡിയില്‍ കിട്ടിയിരിക്കുന്ന മരണം സുബിനെ പോലീസ് ഇതു സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യും. ജില്ലയില്‍ ധാരാളം അനധികൃത സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യം കണ്ടെത്തുന്നതില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.

കസ്റ്റഡിയിലുള്ള സുബിന്റെ മൊഴി അനുസരിച്ചാകും കാര്യങ്ങള്‍ മുന്നോട്ടു പോവുക. ക്രമസമാധാന പാലനത്തില്‍ ഏറെ നാളായി തിരുവല്ല സ്റ്റേഷന്‍ പിന്നാക്കമാണ്. സ്റ്റേഷനിലെ പല ഉദ്യോഗസ്ഥര്‍ക്ക് എതിരേയും ആരോപണവും പരാതിയും ഉയരുന്നുണ്ട്. കാപ്പ കേസ് പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കുന്നതിന് മുന്‍പ് പ്രതിഭാഗം അഭിഭാഷകന് നല്‍കിയതിന് ബിനു എന്ന എഎസ്ഐ സസ്പെന്‍ഷനിലായിരുന്നു. അതിന് മുന്‍പ് പോക്സോ കേസ് പ്രതി ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തക്ക സമയത്ത് നടപടി എടുക്കാതിരുന്ന എസ്എച്ച്ഓ സന്തോഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശബരിമല ഡ്യൂട്ടിക്ക് പോകാനൊരുങ്ങിയ സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ നിഷാന്ത് ചന്ദ്രനെ ആദ്യം ചിറ്റാറിന് സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പി ഓഫീസിലെ ഡ്രൈവറെ ചിറ്റാറിന് സ്ഥലം മാറ്റി.

ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് മീന്തലക്കരയില്‍ നാടു നടുക്കിയ സ്പാ ബലാല്‍സംഗം നടക്കുന്നത്. കുറ്റൂര്‍ റെയില്‍വേ ക്രോസിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. ബൈക്കിലെത്തിയവരാണ് ചായക്കടയ്ക്ക് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. സൂചനകള്‍ നിരവധി ഉണ്ടായിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് അനാസ്ഥ തുടരുകയാണ്.