കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീടിന്റെ പിന്നാമ്പുറത്ത് പച്ചക്കറി കൃഷിയുടെ മറവിൽ വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി. കൂത്തുപറമ്പ് കൈതേരി കപ്പണയിൽ വീടിനോട് ചേർന്നുള്ള അടുക്കള തോട്ടത്തിലാണ് തഴച്ചുവളർന്ന കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ പൂത്ത മണം അടിച്ചതിനെ തുടർന്ന് നാട്ടുകാരിൽ ചിലരാണ് എക്സൈസിനെ രഹസ്യമായി വിവരം അറിയിച്ചത. രഹസ്യ വിവരം ലഭിച്ച് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

അടുക്കള തോട്ടത്തിൽ 84 സെന്റീ മീറ്റർ മുതൽ 51 മീറ്റർ വരെ ഉയരത്തിൽ മൂന്ന് കഞ്ചാവ് ചെടികൾ പാകമായി നിൽക്കുകയായിരുന്നു. ഒറ്റനോട്ടത്തിൽ മനസിലാവാതിരിക്കാൻ സമാനരീതിയിലുള്ള പാവുലും തക്കാളി ചെടികളും സമീപത്ത് നട്ടുവളർത്തിയിരുന്നു. ഇന്നു രാവിലെയോടെയാണ് വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ടയുടൻ വീട്ടുടമസ്ഥാനായ പ്രതി ഓടി രക്ഷപ്പെട്ടു.

കൈതേരി കണ്ടംകുന്ന് കപ്പണ സ്വദേശി പി.വി സിജിഷാണ് രക്ഷപ്പെട്ടതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഇയാൾ നേരത്തെ കഞ്ചാവു കേസുകളിലെ പ്രതിയാണ്. ഇത്തരത്തിൽ ലഭിച്ച വിത്തുകൾ കൊണ്ടാണ് വീടിനോട് ചേർന്ന് ചെടികൾ വളർത്തിയെടുത്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു.സിജീഷിനെ കണ്ടെത്താൻ വേണ്ടി അന്വേഷണംഊർജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെ ശ്രീകണ്ഠാപുരത്തു നിന്നും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് വളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.

കണ്ണൂരിന്റെ മലയോരങ്ങളിലെ വിജനപ്രദേശങ്ങളിൽ ഇതരസംസ്ഥാനക്കാരും തദ്ദേശീയരും കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. കഞ്ചാവ് പൂക്കുമ്പോൾ കാറ്റിൽമണക്കും. ഇതു തിരിച്ചറിയുന്നവരാണ് എക്സൈസിൽ വിവരമറിയിക്കുന്നത്.