- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രം; പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്; മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍; ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ കണ്ടത് കഞ്ചാവ് അളന്നു തൂക്കി പായ്ക്കറ്റുകളിലാക്കുന്ന വിദ്യാര്‍ഥികളെ; കേരളത്തെ നടുക്കി കഞ്ചാവ് വേട്ട വിദ്യാര്‍ഥി സംഘടനകള്‍ സജീവമായ കാമ്പസില്‍
കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രം;
കൊച്ചി: കേരളത്തിലെ ലഹരിവ്യാപാരത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന നടുക്കുന്ന വിവരം പുറത്തേക്ക്. കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ഇന്നലെ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് പോലീസിനെ പോലും ഞെട്ടിക്കുന്ന വിധത്തില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടിയത്. പരിശോധനയില്‍ കണ്ടെത്തിയത് രണ്ട് കിലോ കഞ്ചാവാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.
കഞ്ചാവ് വില്‍പ്പനയിലെ കൂട്ടാളികള്‍ ഓടി രക്ഷപെട്ടു. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ കഞ്ചാവ് കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു കോളജ് ഹോസ്റ്റലില്‍ നിന്നു മാത്രമാണ് ഇത്രയും വലിയ തോതില്‍ കഞ്ചാവ് പിടികൂടിയത് എന്നതാണ് എല്ലാവരെയും നടുക്കുന്നത്. ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു.
റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പ്രതികരിച്ചു. തൂക്കി വില്‍പ്പനക്കായുള്ള ത്രാസ് അടക്കം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനക്ക് എത്തിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയസംഘടനകള്‍ സജീവമായ കാമ്പസിലാണ് കഞ്ചാവ് വില്‍പ്പന നടന്നത് എന്നതു ഞെട്ടിക്കുന്നു. കാലങ്ങളായി എസ്എഫ്ഐയാണ് പോളിടെക്നിക് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
കൊച്ചിയിലെ കഞ്ചാവ് വില്‍പ്പനക്കാര് കാമ്പസുകളെയും സുരക്ഷിത കേന്ദ്രമാക്കുന്നു എന്ന നടുക്കുന്ന വിവരമാണ് ഇതോടെ പുരത്തുവന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് കഞ്ചാവ് കൊച്ചിയിലേക്ക് അടക്കം ഒഴുകുന്നത്. കേരളത്തിലെ ലഹരിമാഫിയ സംഘങ്ങള്‍ ഒഡീഷയിലെ യുവാക്കളെ ഉപയോഗിച്ചാണ് നിലവില്‍ ലഹരിക്കടത്ത്. മുന്‍പ് ഇവിടെ നിന്ന് ഒഡീഷയില്‍ പോയി കഞ്ചാവ് വാങ്ങിവരുന്നതായിരുന്നു രീതി.
ലഹരിയിടപാടുകള്‍ക്കായി മാത്രം കേരളത്തിലെത്തുന്ന ഒഡീഷക്കാരായ യുവാക്കളുടെ എണ്ണവും വര്‍ധിക്കുകയാണ്. ലഹരിവ്യാപനം തടയാന്‍ കൊച്ചി നഗരത്തില്‍ കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘങ്ങളുടെ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് വന്‍ കഞ്ചാവ് വേട്ടയും ഉണ്ടായിരിക്കുന്നത്.