- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളൊഴിഞ്ഞ വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തി പുലർച്ചെ ട്രെയിനിൽ കയറും; മതിലിൽ കൂടി രണ്ട് വിരലിൽ ഓടുന്ന ചെരുപ്പ് ഇടാത്ത മോഷ്ടാവ്; വെള്ളിയും ശനിയും ഞായറും പണി എടുക്കും; കോണിപ്പടിയുള്ള വീടുകൾ കൂടുതൽ ഇഷ്ടം; ഒന്നാം നില വാതിൽ കുത്തിപൊളിച്ച് കയറും; കൊച്ചിയെ അതിരറ്റ് സ്‌നേഹിച്ച മരിയാർപൂതം വീണ്ടും കുടുങ്ങി; പിടിയിലായത് 200 ഓളം കേസുള്ള കുളച്ചലുകാരൻ കള്ളൻ
കൊച്ചി: കൊച്ചിയെ അതിരറ്റ് 'സ്നേഹിക്കുന്ന' മോഷ്ടാവാണ് മരിയാർപൂതം. രണ്ടുവർഷത്തെ തടവുശിക്ഷയ്ക്കുശേഷം ഈ വർഷം ജൂണിലാണ് ജയിലിൽനിന്ന് ഇറങ്ങി. ഇരുനൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ മരിയാർപൂതം എന്ന മരിയ അർപുതം ജോൺസനെ പൊലീസിന് നന്നായി അറിയാവുന്നതുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മുന്നറിയിപ്പും നൽകി. നാട്ടുകാർ സൂക്ഷിക്കണം. എന്നിട്ടും മരിയാർപൂതം മോഷണത്തിന് ഇറങ്ങി. കൊച്ചി നോർത്തിനെ വിറപ്പിച്ചു. ഇപ്പോൾ വീണ്ടും പിടിയിലായി.
കുപ്രസിദ്ധ മോഷ്ടാവായ മരിയാർപൂതത്തെ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഏറെ നാളായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളിൽ ഭീതി പരത്തുകയായിരുന്നു മരിയാർ പൂതം. ഇന്നു പുലർച്ചെയോടെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ ഇയാൾ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായത്.
ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ വീട്ടുടമയെ വാക്കത്തികൊണ്ട് വെട്ടിപരിക്കൽപ്പിച്ചു. പിന്നീട് പ്രദേശവാസികളെത്തിയാണ് കള്ളനെ പിടികൂടിയത്. വാക്കത്തികൊണ്ടുള്ള ആക്രമണത്തിൽ വീട്ടുടമയുടെ തലയ്ക്ക് മൂന്നു തുന്നലുണ്ട്. 2018ൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട മരിയാർപൂതം മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇയാൾ വീണ്ടും മോഷണത്തിനിറങ്ങിയത്.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. കുറച്ചു നാളുകളായി പൊലീസും നാട്ടുകാരും ഇയാൾക്കായി രംഗത്തുണ്ടായിരുന്നു. മതിലിൽ കൂടി രണ്ട് വിരലിൽ ഓടാനുള്ള കഴിവ് മരിയാർ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോഗിക്കാറില്ല. ആളുകളെ വെട്ടിച്ച് രക്ഷപ്പെടും. റെയിൽവേ ട്രാക്കിലൂടെ അതിവേഗത്തിലാണ് ഇയാൾ ഓടി മറയുന്നതെന്നും നാട്ടുകാർ പറയുന്നു.
ജയിൽവാസം കഴിഞ്ഞിറങ്ങുന്ന ഇയാളെ രാത്രിയിൽ എവിടെ കണ്ടാലും ഉടൻ അറിയിക്കണമെന്നാണ് നോർത്ത് പൊലീസ് നേരത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 2018ലാണ് അവസാനമായി മരിയാർപൂതത്തെ നോർത്ത് പൊലീസ് പിടികൂടിയത്. 2008, 2012, 2017 വർഷങ്ങളിലും പിടിയിലായിരുന്നു. 2008-ൽ മൂന്നരവർഷത്തെ ജയിൽവാസത്തിനുശേഷം 2011 നവംബറിൽ പുറത്തിറങ്ങിയ മരിയാർപൂതം വീണ്ടും 'പണി'ക്കിറങ്ങി. ആളൊഴിഞ്ഞ വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തി പുലർച്ചെ ട്രെയിനിൽ കയറി പോകുന്നതാണ് രീതി. തമിഴ്‌നാട്ടിലെ കുളച്ചലിൽനിന്നാണ് വരവ്.
മോഷണത്തിലുമുണ്ട് പൂതം ടച്ച്. വെള്ളി, ശനി, ഞായർ ദിവസങ്ങളാണ് പഥ്യം. വീടിനു പുറത്തുനിന്ന് കോണിപ്പടിയുള്ള, മതിലുകളുള്ള വീടുകളാണ് ഇഷ്ടം. ഒന്നാംനിലയിലെ വാതിൽ കുത്തിപ്പൊളിച്ചുമാത്രമേ അകത്തുകടക്കൂ. മോഷണം കഴിഞ്ഞാൽ ഉടൻ നാടുവിടും. തിരിച്ചുവരുന്നത് അടുത്ത മോഷണത്തിന്. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ കയറി മോഷ്ടിക്കുന്നതും ഉപദ്രവിക്കുന്നതും പതിവ്. വലിയ മതിലുകളിൽ ചാടിക്കയറാനും മതിലുകളിലൂടെ വേഗത്തിൽ ഓടാനും പ്രത്യേക കഴിവുണ്ടെന്ന് പൊലീസ്. കൈയിൽ കമ്പിപ്പാരയും വെട്ടുകത്തിയും കാണുമെന്നതിനാൽ അപകടകാരി.
കുളച്ചലാണ് വീട്. ഇവിടെ വന്നും മരിയാർ പൂതത്തെ പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് പൊലീസ്. പൊലീസ് വീട് വളയുന്നതിന് മിനിറ്റുകൾക്കുമുമ്പ് രക്ഷപ്പെട്ടു. മരിയാർപൂതത്തിന്റെ ഭാര്യ പുനിതയെ നോർത്ത് പൊലീസ് 2012-ൽ പിടികൂടിയിരുന്നു. മോഷണമുതൽ വിറ്റിരുന്നത് പുനിതയാണ്. ഈ പ്രതിയാണ് വീണ്ടും കുടുങ്ങുന്നത്. നാടാകെ ഭീതി വിതയ്ക്കുന്ന മരിയാർ പൂതമെന്ന കള്ളനെ പിടിക്കാൻ സന്നദ്ധ സേനയൊരുക്കി പൊലീസ് കാത്തിരിക്കുകയായിരുന്നു. എറണാകുളം നോർത്തിലാണ് നാനൂറ്റിയൻപതുപേരുടെ സേന രൂപീകരിച്ചിരിക്കുന്നത്. രാത്രിയിലും പകലും സംയുക്ത പരിശോധന കർശനമാക്കി. ശിക്ഷിക്കപ്പെട്ട മരിയാർപൂതം രണ്ടുവർഷത്തിനുശേഷം പുറത്തിറങ്ങി. ഇതിന് പിന്നാലെ പലയിടത്തും മോഷണശ്രമമുണ്ടായി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മരിയാർപൂതം വീണ്ടും സജീവമായെന്ന് മനസിലായതോടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ സന്നദ്ധ സേന രൂപീകരിച്ചത്. മൂന്നുപേർ വീതമുള്ള നാല് ഗ്രൂപ്പുകൾ എല്ലാദിവസവും രാത്രിയിൽ പട്രോളിങ് നടത്തി. പൊലീസിന്റെ സഹായവുമുണ്ടായിരുന്നു. പകൽ സമയങ്ങളിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ പരിശോധന നടത്താനും, കാടുപിടിച്ച പറമ്പുകൾ വെട്ടിത്തെളിക്കാനും തീരുമാനിച്ചു. റസിഡൻസ് അസോസിയേഷനുകളും ജനപ്രതിനിധികളും പിന്തുണ നൽകി. അൻപത്തിയെട്ടു വയസുള്ള മരിയാർപൂതം കുളച്ചലിൽനിന്ന് വന്ന് മോഷണം നടത്തുന്ന രീതി മാറ്റിയെന്ന നിഗമനത്തിലാണ് ഈ മുന്നൊരുക്കം നടത്തിയത്. അത് ഫലം കാണുകയും ചെയ്തു.
മറുനാടന്‍ മലയാളി ബ്യൂറോ