കൊച്ചി: മൊബൈൽഫോണില്ല. ഏഴാംവയസ്സിലാണ് കുളച്ചലിൽനിന്ന് കൊച്ചിയിലെത്തുന്നത്. ചെറുപ്പത്തിലേ മോഷണം ശീലിച്ചു. എസ്ആർഎം റോഡ്, ആസാദ് റോഡ്, ഷേണായ് റോഡ്, കതൃക്കടവ് ഭാഗങ്ങളിൽ 30 വർഷത്തോളം ആക്രിപെറുക്കി നടന്നു. അങ്ങനെയാണ് കൊച്ചിയുടെ വഴികൾ മനപ്പാഠമായത്. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം പതിവാക്കിയതോടെ പ്രതിയെ തേടി പ്രത്യേക അന്വേഷണസംഘം മൂന്നുതവണ കുളച്ചലിലെത്തി. പക്ഷേ പിടിക്കാനയയില്ല. അതാണ് മരിയാർപൂതം. മരിയാർപൂതം പിടിയിലാകുമ്പോൾ കൊച്ചിക്കാർക്ക് ആശ്വാസമാണ്. ജയിലിൽ ഉള്ളിടത്തോളം കാലം പേടി ഇല്ലാതെ അവർക്കുറങ്ങാം.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭീതി വിതയ്ക്കുന്ന മരിയാർ പൂതമെന്ന കള്ളനെ പിടിക്കാൻ ഉറക്കംകളഞ്ഞു കാത്തിരിക്കുകയായിരുന്നു നാട്ടുകാരും പൊലീസും. ഇതിനായി നാനൂറ്റിയൻപതുപേരുടെ സേന തന്നെ രൂപീകരിച്ചു. രാത്രിയിലും പകലും സംയുക്ത പരിശോധന കർശനമാക്കി. എറണാകുളം നോർത്തിൽ തുടർമോഷണങ്ങൾ പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവാണ് മരിയാർ പൂതം.നിമിഷ നേരം കൊണ്ട് ഇരുട്ടിൽ മറയാനും, രണ്ടു വിരലിൽ അതിവേഗത്തിൽ മതിലുകളിലൂടെ ഓടാനും വിദഗ്ദനായ കള്ളനാണ് പൂതം.

2018 ൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട മരിയാർപൂതം രണ്ടുവർഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ പലയിടത്തും മോഷണശ്രമമുണ്ടായി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മരിയാർപൂതം വീണ്ടും സജീവമായെന്ന് മനസിലായതോടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ സന്നദ്ധ സേന രൂപീകരിച്ചത്.

നാളേറെയായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു മരിയാർ പൂതം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ആറ് വർഷം മുൻപ് മോഷണത്തിനിടെ മരിയാർ പൂതത്തെ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാൾ പിടിയിലാകുകയുമായിരുന്നു. അന്ന് നോർത്ത് പൊലീസിന് ഇയാൾ ഒരു താക്കീത് നൽകി.

ഇത് പിന്നീട് നിങ്ങൾക്ക് പ്രശ്നമാകുമെന്നായിരുന്നു ആ താക്കീത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാർ പൂതം നേരെ എത്തിയത് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിലേക്കാണ്. പ്രദേശത്ത് ഇയാൾ മോഷണം പതിവാക്കി. കുറച്ചു നാളുകളായി ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. നാട്ടുകാരും ഇയാൾക്കായി രംഗത്തുണ്ടായിരുന്നു. കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ പറയുന്നു. മരിയാർ പൂതത്തെ പിടിക്കാൻ വാട്സ്ആപ്പിൽ ഒരു ഗ്രൂപ്പു തന്നെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. നീണ്ട തെരച്ചിലുകൾക്കൊടുവിലാണ് മരിയാർ പൂതം പൊലീസ് കെണിയിൽ വീണത്.

നാലുമാസം മുമ്പാണ് മരിയാർപൂതമെന്ന 58കാരൻ ജോൺസൺ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. അടുത്തിടെ മോഷണം നടന്നയിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ഇയാൾ വീണ്ടും സജീവമായതായി വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ കുളച്ചലിൽനിന്ന് എറണാകുളത്ത് താമസമാക്കിയ ഇയാൾക്ക് എസ്.ആർ.എം റോഡ് പരിസരമെല്ലാം കൈവെള്ളയിലെ രേഖകൾ പോലെയറിയാം. പലവട്ടം പ്രദേശത്തെ ടെറസുകളുടെ മുകളിലൂടെ ഇയാൾ കടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടിട്ടുണ്ടെന്ന് എസ്.ആർ.എം റോഡ് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഐക്യവേദി സെക്രട്ടറി ബാബു പൗലോസ്, പ്രസിഡന്റ് പ്രഫ. വി.യു. നൂറുദ്ദീൻ എന്നിവർ പറഞ്ഞിരുന്നു.

റോഡിലൂടെ നടക്കുന്നതിലേറെ ടെറസിന് മുകളിലൂടെയാണ് മരിയാർ പൂതത്തിന്റെ സഞ്ചാരം. 2018 മാർച്ചിൽ എസ്.ആർ.എം റോഡ് നൈനക്കുട്ടി ലൈനിൽനിന്ന് മോഷണത്തിന് നോർത്ത് പൊലീസിന്റെ പിടിയിലായിരുന്നു. ആറുമാസം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് വീണ്ടും മോഷണം തുടങ്ങിയത്. എസ്.ആർ.എം റോഡിലെ താമസക്കാരനായിരുന്നു മരിയാർപൂതം. അതുകൊണ്ടുതന്നെ ഇവിടത്തെ ഊടുവഴികൾ ഉൾപ്പെടെ കൃത്യമായി മനസ്സിലാക്കിയയാൾ. ഏതൊക്കെയോ വീടുകളുടെ മുകളിൽ പകൽ കിടന്നുറങ്ങുന്ന മോഷ്ടാവ് സന്ധ്യ കഴിയുന്നതോടെ പുറത്തിറങ്ങും. നൈനക്കുട്ടി ലെയ്‌നിൽ ആറുവീടുള്ള ഫ്‌ളാറ്റിൽ അഞ്ചുദിവസം മുമ്പ് മരിയാർപൂതം കയറിയിരുന്നു.

ടെറസിന്റെ മുകളിലേക്കുള്ള കവാടം ഇരുമ്പിന്റെ ഗ്രിൽവെച്ച് അടച്ചിരുന്നതിനാൽ കയറാനായില്ല. നിഴൽ കണ്ട് സെക്യൂരിറ്റി ഓടിയെത്തിയപ്പോഴേക്കും ഇയാൾ പിന്നിലേക്ക് മറിഞ്ഞുവീണു. തകിടിന്റെ പുറത്തേക്കാണ് വീണത്. അവിടെനിന്ന് ചാടിയെഴുന്നേറ്റ് തൊട്ടടുത്ത വീടിന്റെ ടെറസിന് മുകളിലേക്ക് മരിയാർപൂതം ചാടി. അങ്ങനെ ഓടിരക്ഷപ്പെട്ടു. അന്ന് രാത്രി മുഴുവൻ പ്രദേശവാസികൾ മുക്കുംമൂലയും പരിശോധിച്ചിട്ടും ആളെ കിട്ടിയില്ല. പൊലീസ് ഒരുദിവസം തന്നെ പലവട്ടം ഇവിടെ കറങ്ങുന്നു. എങ്കിലും റോഡിലൂടെയല്ല മരിയാർപൂതത്തിന്റെ കറക്കം എന്നതാണ് വെല്ലുവിളി. ടെറസുകളിലൂടെ ചാടിപ്പോകുന്ന ഇയാളെ കുടുക്കുന്നത് പ്രയാസമേറിയ പണിയാണ്. ഇതു മനസ്സിലാക്കി എടുത്ത കരുതലാണ് മരിയാർപൂതത്തെ അഴിക്കുള്ളിൽ വീണ്ടും എത്തിക്കുന്നത്.