അടൂർ: മാരൂരിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് വീടു കയറിയുള്ള ആക്രമണത്തിൽ പരുക്കേറ്റ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിൽ ബാഹുലേയന്റെ ഭാര്യ സുജാത (55) മരിച്ചത് ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതം മൂലം. തലയോട്ടിക്ക് രണ്ടിടത്ത് പൊട്ടൽ സംഭവിച്ചതിനെ തുടർന്ന് സർജറി നടക്കുമ്പോൾ രണ്ടു തവണയാണ് സുജാതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. വെന്റിലേറ്ററിൽ കഴിയുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സുജാതയുടെ മക്കളും ഗുണ്ടാത്തലവന്മാരുമായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ തേടിയെത്തിയ സംഘം ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകർത്തത്. തടയാൻ ചെന്ന സുജാതയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കല്ലെടുത്ത് എറിഞ്ഞതുകൊണ്ട് വാരിയെല്ലിനും പരുക്കേറ്റു. അക്രമി സംഘത്തെ കണ്ട് സൂര്യലാലും ചന്ദ്രലാലും ഓടി രക്ഷപ്പെട്ടിരുന്നു. ഇതിൽ സൂര്യലാലിനെ അടൂർ സ്റ്റേഷനിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതയ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസിൽ അടക്കം ഇവർ പ്രതിയായിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് അടൂർ പൊലീസ് ഇവരെ കഞ്ചാവുമായി പിടികൂടിയിരുന്നു. നേരത്തേ ചാരായം വിൽപ്പനയ്ക്ക് പല തവണ കേസെടുത്തിട്ടുണ്ട്.

കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂർ ഒഴുകുപാറ സ്വദേശി സൂര്യലാൽ, അനിയൻ ചന്ദ്രലാൽ എന്നിവർ ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിച്ചു. ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടൻ, ശരൺ എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു.

അക്രമി സംഘം വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകർത്തു. പിഗ്ബുൾ ഇനത്തിൽപ്പെട്ട പട്ടിയെയും വെറുതേ വിട്ടില്ല.
അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. മാരൂർ പ്രദേശത്ത് ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേർ താമസിക്കുന്നുണ്ട്. കഞ്ചാവ് വിൽപ്പനയും സാമൂഹിക വിരുദ്ധ പ്രവർത്തനവും ഇവിടെ പതിവാണ്. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.