കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി നടന്ന കഞ്ചാവ് വേട്ടയില്‍ ശരിക്കും ഞെട്ടിയത് റെയ്ഡിന് എത്തിയ പോലീസുകാരാണ്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ട് എന്നത് അറിഞ്ഞാണ് പോലീസ് റെയ്ഡിന് എത്തിയത്. പോലീസ് എത്തുമ്പോള്‍ ഏതാനും പാക്കറ്റ് കഞ്ചാവേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ കഞ്ചാവാണ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും പിടികൂടിയത്.

ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഹോളി ആഘോഷത്തിനായി വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്കെത്തിയത്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്ന് ഒന്‍പത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് ആണ്‍കുട്ടികള്‍ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പിടിയിലായ അഭിരാജ് എസ്എഫ്‌ഐ നേതാവാണ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്് ഇയാളെന്നാണ് കോളേജ് പ്രിന്‍സിപ്പില്‍ പഞ്ഞത്. ആദിത്യനെയും അഭിരാജിനെയും ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.

അതേസമയം, ഇത്രയേറെ കഞ്ചാവ് കോളേജ് ഹോസ്റ്റലില്‍ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് എസിപി മാധ്യമങ്ങളോട് പ്രതികരിച്ചു. കഞ്ചാവ് എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഡാന്‍സാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം വിശദീകരിച്ചു. തൂക്കി വില്‍പ്പനക്കുള്ള ത്രാസടക്കം കണ്ടെത്തി. ഇത്രയധികം അളവില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു.

1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ സാങ്കേതിക സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.