തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ലഹരിക്കെതിരെ നടപടി കര്‍ശനമാക്കി പോലീസ്. കഞ്ചാവിന്റെ മൊത്തവില്‍പനക്കാരെ പൊക്കി പോലീസ്. പൂജപ്പുര ,അമ്മു ഭവനില്‍ അരുണ്‍ ബാബു (36), മഞ്ചാടി സ്വദേശിയായ മകം വീട്ടില്‍ പാര്‍ത്ഥിപന്‍ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.

ഈ മാസം ആദ്യം തിരുവനന്തപുരം ശാസ്തമംഗലത്ത് വെച്ച് ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടിയിരുന്നു. ഇവരെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് കഞ്ചാവിന്റെ മൊത്തവില്‍പ്പനക്കാരിലേക്ക് അന്വേഷണത്തെ എത്തിച്ചത്. പേരൂര്‍ക്കട സ്വദേശിയായ അനന്തു (22), കൊടുങ്ങാനൂര്‍ സ്വദേശി വിനീഷ് (22) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇരുവരെയും പൊലീസ് പിന്നീട് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ ഫോണ്‍ കോളുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് പാര്‍ഥിപന്‍, അരുണ്‍ ബാബു എന്നിവര്‍ കൂടി ലഹരിക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പൊലീസിന് മനസിലായത്.

ശാസ്തമംഗലത്തു വെച്ച് പിടിയിലാവുമ്പോള്‍ കൈയിലുണ്ടായിരുന്ന ആറ് കിലോ കഞ്ചാവ് പാര്‍ഥിപന്‍ പറഞ്ഞിട്ട് കൊണ്ട് വന്നതാണെന്ന് അനന്തുവും, വിനീഷും പോലീസിനോട് പറഞ്ഞു. തിരുവനതപുരം നഗരത്തിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലേളും കഞ്ചാവും മയക്കുമരുന്നു എത്തിക്കുന്നതില്‍ പ്രധാനികളാണ് അരുണും, പാര്‍ഥിപനും എന്നാണ് വിശദമായ ചോദ്യം ചെയ്യ്തതിലൂടെ പൊലീസ് മനസിലാക്കിയത്.

ആംസ് ആക്ട്, നരഹത്യ കേസ്, അടിപിടി, അബ്കാരി കേസ് തുടങ്ങിയ 15 ഓളം കേസുകളില്‍ പ്രതിയാണ് അരുണ്‍ ബാബു. അടിപിടി, അടിപിടി, ലഹരിക്കടത്ത്, പിടിച്ചുപറി തുടങ്ങിയ 10 ഓളം കേസ് കളില്‍ പ്രതിയാണ് പാര്‍ഥിപന്‍. തിരുവനന്തപുരം നഗരത്തില്‍ ലഹരി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായ ഓപ്പറേഷനാണ് കഞ്ചാവ് കേസിലെ പ്രതികളെ പൊക്കാന്‍ ഇടയാക്കിയത്.


കന്റോണ്‍മെന്റ്‌റ് അസി. കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍, മ്യൂസിയം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എസ് വിമല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍, ഷിജു ,ഷെഫീന്‍, സി.പി.ഒ മാരായ രഞ്ജിത്ത്, അസീന, രാജേഷ്, ശരത്ത് ചന്ദ്രന്‍, ശോഭന്‍ പ്രസാദ്, സുല്‍ഫിക്കര്‍, വിജിന്‍, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.