കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻകഞ്ചാവ് ശേഖരവുമായി അസം സ്വദേശി അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ 5.80കിലോ കഞ്ചാവുമായി അസം ബക്സ സ്വദേശി അബുതാലിപ് അലി(27)യാണ് പിടിയിലായത്. കണ്ണൂർ റെയ്ഞ്ച് എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഒഡീഷയിൽ നിന്നും ട്രെയിന്മാർഗമാണ് ഇയാൾ കഞ്ചാവ് വിൽപനയ്ക്കായി എത്തിച്ചത്. ചൊവ്വാഴ്‌ച്ച രാത്രി 9.45ന് രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യാത്ത്, അസി. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.ഡി മാത്യു, എംപി സർജ്ഞൻ, സി. എച്ച് റിഷാദ്, എൻ.രജിത്ത് കുമാർ, എം.സജിത്ത്, സി.അജിത്ത് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

എലത്തൂർ ട്രെയിൻ തീവയ്‌പ്പിന്റെ ഭാഗമായി പൊലിസും എക്സൈസും ഇതരസംസ്ഥാന തൊഴിലാളികളെ നിരിക്ഷീച്ചുവരികയായിരുന്നു. ഇതിനിടെയാണ് ട്രെയിൻകടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപന നടത്തുന്നതിനാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് എക്സൈസ് പറയുന്നത്.

കണ്ണൂർ നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജെനെ കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു അബുതാലിപ്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം ബുധനാഴ്‌ച്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഒഡീഷയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ഇയാൾ ചെറുപൊതികളാക്കി വിൽപന നടത്തിവരികയായിരുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കണ്ണൂർ ടൗൺ, തെക്കിബസാർ ഭാഗങ്ങളിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.

കേരളത്തിലേക്ക് ട്രെയിനുകളിലൂടെ കഞ്ചാവ് കടത്തുന്നതിൽ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് എക്സൈസ് പറയുന്നത്. ട്രെയിനിലൂടെയുള്ള ലഹരിക്കടത്തും പുറത്തുനടക്കുന്ന കൊലപാതക കേസുകളിലും ഇവർ പ്രതികളാണ്. ട്രെയിനിനു നേരെയുള്ള കല്ലേറുകളിലും അറസ്റ്റു ചെയ്തത് ഇതരസംസ്ഥാനക്കാരെയാണ്.

കണ്ണൂർ നഗരത്തിൽ തന്നെ പതിനായിരത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ നിർമ്മാണ മേഖലയിലും മറ്റു തൊഴിൽ മേഖലകളിലും ജോലി ചെയ്തുവരുന്നുണ്ട്. എന്നാൽ ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ വിലാസമോ കോർപറേഷന്റെയോ തൊഴിൽവകുപ്പിന്റെ പക്കലില്ല.