കണ്ണൂര്‍ :കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ടയുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, സിന്തറ്റിക്ക് മയക്കുമരുന്നിന്റെ വന്‍ ശേഖരവുമായി മയക്കുമരുന്ന് മാഫിയ സംഘത്തിലെ മുഖ്യകണ്ണികളായ യുവാവും യുവതിയും അറസ്റ്റിലായി.184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാവും യുവതിയും പിടിയിലായത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.ജലീഷ് പി. വി ഗണേഷ് ബു എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട് ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ന്യൂ ജന്‍ സിന്തറ്റിക്ക് ഡ്രഗ്‌സ് ഉള്‍പ്പടെയാണ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ഷാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പയ്യന്നൂര്‍ വെള്ളോറ യിലെ കരിപ്പാലില്‍ താമസിക്കുന്ന പണ്ടിക ശാലയില്‍ പി. മുഹമ്മദ് മഷൂദ് ( 29) എന്നയാളെയും കണ്ണൂര്‍ താലൂക്കില്‍ അഴീക്കോട് നോര്‍ത്ത് അംശം ദേശത്ത് ചെല്ലട്ടന്‍ വീട്ടില്‍ ഇ. സ്‌നേഹ (25) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ 4.8 ഗ്രാം മെത്താഫിറ്റാമിന്‍ പിടികൂടി. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ പരിശോധിച്ചതില്‍ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. തുടര്‍ന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടില്‍ വെച്ച് 184.43 ഗ്രാം മെത്താഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്.

കണ്ണൂര്‍ ജില്ലയില്‍ മയക്കു മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികള്‍. നേരത്തെയും മയക്കു മരുന കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ താളികാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിന്‍ കൈവശം വെച്ച കേസില്‍ ഒന്നാം പ്രതിയായ മഷൂദ് ഒരു മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതികള്‍ കണ്ണൂര്‍ ജില്ലയുടെ പലഭാഗത്തും രാസ ലഹരികള്‍ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ പിടികൂടുന്നതിന് പിടിക്കുന്നതിനു കേരള പൊലിസ് എ.ടി. എസും അന്വേഷണത്തിന് സഹായിച്ചു.

എക്‌സൈസ് അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ സന്തോഷ് തൂനോളി, അനില്‍കുമാര്‍ പി കെ, അബ്ദുല്‍ നാസര്‍ ആര്‍ പി, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് മാരായ ഖാലിദ് ടി, സുഹൈല്‍ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ അജിത് സി, ഷാമജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജ്മല്‍, സായൂജ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സീമ പി, ഷബ്ന എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തുടര്‍ നടപടികള്‍ വടകര എന്‍ ഡി പി. എസ് കോടതിയില്‍ നടക്കും. വരും ദിവസങ്ങളിലും മയക്കുമരുന്ന് കണ്ടെത്താനായും വില്‍പ്പന സംഘത്തിന്റെ വേരറുക്കാനും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.