തിരുവനന്തപുരം: വര്‍ക്കലയില്‍ മുഖംമൂടി സംഘം വിട്ടമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതിയില്‍ നടത്തിയ പോലീസ് അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്. ഒതു ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന തീര്‍ത്തും നാടകീയമായ സംഭവങ്ങളാണ് ഈ കേസില്‍ പോലീസ് അന്വേഷിച്ച് പോയപ്പോള്‍ സംഭവിച്ചത്. വര്‍ക്കലയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവര്‍ച്ച നടത്തിയെന്ന് മകന്‍ ശ്രീനിവാസന്‍ നല്‍കുന്ന പരാതിയോടെയാണ് തുടക്കം.

വര്‍ക്കലിയില്‍ ടെലിഫോണ്‍ എക്‌സേഞ്ചിന് സമീപം ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് സുമതി താമസിച്ചിരുന്നത്. മുഖംമൂടി ധരിച്ച രണ്ടംഗ സംഘം വീടിനുള്ളില്‍ കയറി തലക്കടിച്ച് പരിക്കേല്‍പ്പിച്ച് അലമാരിയില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയും നാല് പവന്‍ സ്വര്‍ണവും കവര്‍ന്നു എന്നാണ് മകന്‍ ശ്രീനിവാസന്‍ പോലീസിന് നല്‍കിയ പരാതി. തലയില്‍ നിസാര പരിക്കേറ്റ സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

എന്നാല്‍ തുടക്കം മുതല്‍ പോലീസിന് ഈ കേസില്‍ സംശയം തോന്നിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. മോഷണത്തിന് എത്തിയ സംഘങ്ങള്‍ ഇത്തരമൊരു ആക്രണം നടത്തില്ല എന്നായിരുന്നു പോലീസ് നിഗമനം. തുടര്‍ന്ന് വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്താണ് മോഷണം നടത്തിയത്. മൊഴികളില്‍ അടിമുടി അവ്യക്ത.

തുടര്‍ന്ന് ശ്രീനിവാസന്റെ ഭാര്യയെ ചോദ്യം ചെയ്തതാണ് പോലീസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിന് നല്‍കേണ്ടിയിരുന്നതാണ് സ്വര്‍ണവും പണവും. ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന് വേണ്ടി ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് ശ്രീനിവാസനെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. സ്വര്‍ണം പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

വര്‍ക്കലയില്‍ ഒരു ജ്യൂസ് കട നടത്തുകയായിരുന്നു ഈ കുടുംബം. ഇന്നലെ ഉച്ചയ്ക്ക് ശ്രീനിവാസന്‍ സ്വര്‍ണമെടുത്തുകൊണ്ടു പോയി കടയില്‍ വച്ചു. സുമതി തല നിലത്തിടിച്ച് പരിക്കുണ്ടായി. ഇതിനുശേഷമാണ് ശ്രീനിവാസന്‍ തിരിച്ചെത്തി പോലീസിനെ മോഷണം നടന്നതായി അറിയിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നല്‍കിയതിനും കേരള പോലീസ് ആക്ട് പ്രാകരം അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വര്‍ക്കല പോലീസ് വിട്ടയച്ചു.