സേലം: യശ്വന്ത്പൂർ-കണ്ണൂർ എക്സ്‌പ്രസിൽ വൻ കവർച്ച. പുലർച്ചെ ധർമപുരിക്കും സേലത്തിനും മധ്യേ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. ഇരുപതോളം മലയാളി യാത്രക്കാരുടെ ഐഫോൺ ഉൾപ്പെടെ ഇരുപതോളം മൊബൈൽ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടു.

സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർക്കിടെ നഷ്ടപ്പെട്ട ഐഫോൺ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇതേതുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകാനായി യാത്രക്കാർ ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്തേക്ക് പോയി.

ഹാൻഡ് ബാഗുകളും പാന്റ്‌സിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. യാത്രക്കാർ ഉറക്കത്തിലായിരിക്കുമ്പോൾ മോഷ്ടിക്കുകയായിരുന്നു എന്നാണ ലഭിക്കുന്ന വിവരം. പണവും മറ്റ് വസ്തുക്കളും കവർന്ന മോഷണസംഘം ബാഗുകൾ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുകയായിരുന്നു.

യാത്രക്കാർ ബാഗുകൾ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപെട്ടവർക്ക് ഉൾപ്പെടെ പണവും സാധനങ്ങളും നഷ്ടമായി. യാത്രക്കാരിയായ പെൺകുട്ടിക്ക് ഒന്നേക്കാൽ ലക്ഷം വിലയുള്ള ഐ ഫോൺ ഉൾപ്പെടെ നഷ്ടപ്പെട്ടു. കണ്ണൂരിൽ നിന്നും കയറിയ യാത്രക്കാർ അടക്കമുള്ളഴരാണ് മോഷണത്തിന് ഇരയായത്. ട്രെയിനിലെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ ശക്തമാകവേണാണ് മോഷണ വിവരങ്ങളും പുറത്തുവന്നത്.