- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കളെയും പരിചയക്കാരെയും കൊണ്ട് കോടികൾ നിക്ഷേപം നടത്തി; മാനേജരുടെ പദവിയിലിരുന്ന് തിരിമറി നടത്തിയത് കണ്ടെത്തിയത് ഉടമയുടെ മകൻ; ജോലിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിപ്പിച്ചു; പിആർഡി നിക്ഷേപത്തട്ടിപ്പിന് പിന്നിലെ യഥാർഥ സൂത്രധാരനായ മുൻ മാനേജർ പിടിയിൽ
പത്തനംതിട്ട: കുറിയന്നൂർ ആസ്ഥാനമായ പിആർഡി ഫിനാൻസ് കമ്പനി നടത്തിയ നിക്ഷേപത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ മുൻ മാനേജർ പിടിയിൽ. കോയിപ്രം തോട്ടപ്പുഴശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ ഡേവിസ് ജോർജിനെ(64)യാണ് ഒളിവിലിരിക്കേ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. ഡേവിഡ്ജോർജിന്റെ പേരിൽ എഴുപതോളം കേസുകളാണ് നിലവിലുള്ളത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ അതിന് മുതിരായെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസം രാത്രിയാണ് കോയിപ്രം പൊലീസ്
അറസ്റ്റ് ചെയ്തത്. തുടർന്ന് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുകൊട്ടാരക്കര സബ് ജിയിലിലേക്കയച്ചു. തടിയൂർ പ്രീതി വ്യൂ ഹൗസിൽ രാജ്കുമാറിന്റെ ഭാര്യ ബിനുമോൾ പല കാലയളവിലായി പി ആർ ഡി മിനി നിധി ലിമിറ്റഡ് സ്ഥാപനത്തിൽ ആകെ നിക്ഷേപിച്ച അഞ്ചേകാൽ ലക്ഷത്തോളം രൂപയുടെ പലിശയോ മുതലോ തിരിച്ചു നൽകാതെ ചതിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
സ്ഥാപനം ഉടമ കുറിയന്നൂർ ശ്രീരാമസദനം ഡി. അനിൽകുമാർ (59), ഇയാളുടെ ഭാര്യ ഡി എസ് ദീപ (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെ നേരത്തെ എറണാകുളം ഇളമല്ലിക്കരയിലെ ഫ്ളാറ്റിൽ നിന്നും പിടികൂടിയിരുന്നു. തോട്ടപ്പുഴശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് ആദ്യം ഉടമകളെ അറസ്റ്റ് ചെയ്തത്. പിന്നീട് നിരവധി പരാതികളും കേസാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം, നിക്ഷേപത്തുകകൾ സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു. തുടർന്ന്, മറ്റ് അന്വേഷണങ്ങളെല്ലാം നടത്തിയ പൊലീസ് സംഘം, പ്രതികളെ പിടികൂടുന്നതിന്, മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി. പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും നടത്തിച്ചതായും കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം, കാലാവധി കഴിഞ്ഞും നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും, മറ്റ് ജില്ലകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായും വെളിവായിട്ടുണ്ട്.
സ്ഥാപനത്തിന്റെ ലൈസൻസ് അനിലിന്റെ പേരിലാണ്. റിസർവ് ബാങ്ക് ലൈസൻസ് ഇല്ലെന്നും മറ്റും വ്യക്തമായിട്ടുണ്ട്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ സ്ഥാപനത്തിനെതിരെ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ സ്വത്തു വിവരങ്ങളെപ്പറ്റിയും, നിക്ഷേപതുകകളുടെയും മറ്റും വിനിയോഗം സംബന്ധിച്ചും വിശദമായ അന്വേഷണം തുടരുകയാണ്. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. അനിൽ കുമാറിന്റെ വിശ്വസ്തനായിരുന്നു ഡേവിഡ് ജോർജ്. ഇയാൾ ബന്ധുക്കളും പരിചയക്കാരുമായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ ഇവിടെ ഡെപ്പോസിറ്റാക്കി ഇട്ടിരുന്നു. അനിലിന്റെ മകൻ അനന്തു കൃഷ്ണ സ്ഥാപനത്തിന്റെ നടത്തിപ്പിലേക്ക് കടന്നു വന്നപ്പോൾ ഡേവിഡിന്റെ ഇടപാടുകളിൽ സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ ഓഡിറ്റുകളിൽ വെട്ടിപ്പ് കണ്ടെത്തിയെന്നും ഡേവിഡിനെ പുറത്താക്കിയെന്നും പറയുന്നു.
സ്ഥാപനത്തിൽ നിന്നും പുറത്തായ ഡേവിഡ് തന്റെ സ്വാധീനമുപയോഗിച്ച് നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിച്ചു. അതിന് ശേഷം പിആർഡി ഫിനാൻസ് തകർന്നുവെന്ന് നാടു മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാൾക്കെതിരേ സ്ഥാപന ഉടമയും പരാതി നൽകിയിരുന്നു. സ്ഥാപനത്തിന്റെ തട്ടിപ്പിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് കോടതി മുൻകൂർ ജാമ്യം പരിഗണിക്കാതിരുന്നതെന്നും പറയുന്നു.
പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ് ഐമാരായ ഷൈജു, മധു, എ എസ് ഐ സുധീഷ്, സി പി ഓമാരായ ആരോമൽ, ഷെബി എന്നിവരാണ് ഉള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്