കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവര്‍ക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവര്‍ സംസ്ഥാനം വിട്ട് പോയിട്ടുണ്ടാവാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി-പുല്പള്ളി റോഡിലെ കൂടല്‍ക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അതിക്രമത്തിനിരയായത്. പരിക്കേറ്റ മാതന്‍ മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേസില്‍ ചൊവ്വാഴ്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കണിയാമ്പറ്റ പടിക്കംവയല്‍ പച്ചിലക്കാട് കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കല്പറ്റ ഭാഗത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. അഭിരാമിനെയും അര്‍ഷിദിനെയും എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.

മാനന്തവാടി പോലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയ കേസ് ചൊവ്വാഴ്ച പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്.) പോലീസിനു കൈമാറി. എസ്.എം.എസ്. ഡിവൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ. സുരേഷ് കുമാറാണ് കേസന്വേഷിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് മാതനെ സന്ദര്‍ശിച്ച ശേഷം മന്ത്രി ഒ.ആര്‍.കേളുവാണ് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംഭവമുണ്ടായ മേഖലയില്‍ പോലീസിന്റെ പട്രോളിങും കൂടുതല്‍ നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ സഞ്ചരിച്ച KL52 H 8733 നമ്പര്‍ സെലേറിയോ കാര്‍ നേരത്തേ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണിയാമ്പറ്റയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. അക്രമിസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു.

പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചു. കൈകാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതന്‍, നബീല്‍ കുമാര്‍, വിഷ്ണു, ആദിവാസി