അടൂർ: പ്രമുഖ ബിൽഡറും സിഎംപി. സംസ്ഥാന കൗൺസിൽ അംഗവുമായ പന്നിവിഴ വീരപ്പള്ളിൽ അന്തരിച്ച മാത്യു വീരപ്പള്ളി (63)യുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന അഭ്യൂഹം ശക്തമായതിനെ തുടർന്ന് സംശയ ദൂരീകരണത്തിന് വേണ്ടിയാണ് പോസ്റ്റുമോർട്ടം. കായംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.

വ്യാഴാഴ്ച രാത്രിയാണ് മാത്യു വീരപ്പള്ളിയെ വീട്ടിൽ വീണുവെന്ന് പറഞ്ഞ് അടൂർ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ച മകന്റെ വിവാഹം നടക്കാനിരിക്കേയായിരുന്നു സംഭവം. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചുവെങ്കിലും വിവരം അധികൃതർ പൊലീസിൽ അറിയിച്ചില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചായലോട്ടുള്ള സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ എട്ടു മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് മൂന്നിന് കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, മരണത്തിൽ സംശയം ഉള്ളതായി നാട്ടുകാർക്കിടയിൽ പ്രചാരണമുണ്ടായി. വീരപ്പള്ളി ജീവനൊടുക്കിയെന്നും അതല്ല, ഉന്തും തള്ളുമുണ്ടായപ്പോൾ തലയടിച്ച്ു വീണതാണ് മരണകാരണമെന്നുമൊക്കെയായിരുന്നു അഭ്യൂഹം. മാത്യുവിന് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും പണം കിട്ടാനുള്ള ഒരു ഫിനാൻസർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.

ഇത്തരം പ്രചാരണങ്ങൾ ഗൗരവമായി എടുത്ത് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനാത്തിലാണ് പൊലീസ് ഇടപെടൽ. അസ്വാഭാവികമായി മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുക തന്നെ വേണ്ടതാണ്. അത് ആശുപത്രി അധികൃതരാണ് പൊലീസിൽ അറിയിക്കേണ്ടിയിരുന്നത്. എന്നാൽ, അവർ അതിന് തയാറാകാതെ പോയത് വിഴ്ചയാണ്. ഈ സാഹചര്യത്തിലാണ് മൃതദേഹം പോസ്റ്റുമോർട്ട്ം ചെയ്യണമെന്ന് പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്. സംശയം ഉയർന്ന സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.

പത്തനംതിട്ടയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ തിങ്കളാഴ്ച രാവിലെ കായംകുളം താലൂക്ക ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കുമെന്നാണ് അറിയുന്നത്. മാത്യു വീരപ്പള്ളി അടൂർ നഗരസഭ കൗൺസിലർ, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം, സെന്റ് സിറിൽസ് കോളേജ് ഗവേണിങ ബോർഡ് മെമ്പർ, കെ. എസ്. സി, യൂത്ത് ഫ്രണ്ട്, കേരള കോൺഗ്രസ് (ബി )ജില്ലാ പ്രസിഡന്റ്, അടൂർ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, അടൂർ അർബൻ ബാങ്ക് ഡയറക് ട് ബോർഡ് അംഗം, സംസ്ഥാന മാർക്കറ്റിങ് ഫെഡറേഷൻ ഡയറക്റ്റ് ബോർഡ് അംഗം, ലാൻഡ് ഡെവലപ്പ്മെന്റ് കോർപറേഷൻ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കൊട്ടാരക്കര ചന്ത വിളയിൽ രമ മാത്യു. മക്കൾ. ദിവ്യാ മാത്യു (യു. കെ )ജേക്കബ് മാത്യു.
മരുമകൻ. സിബി തോമസ് (യു.കെ).