- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർദാനിലെ യുഎൻ മിഷനിൽ ജോലി എന്ന് പറഞ്ഞ് ടെക്കിയെ വീഴ്‌ത്തി; സുന്ദരനായ യുവാവിന്റെ ചിത്രം കണ്ടതോടെ പ്രണയം പൂത്തുലഞ്ഞു; മാട്രിമോണി സൈറ്റുകളിലെ ചതിക്കുഴിയിൽ തിരുവനന്തപുരത്തെ യുവതിക്ക് പോയത് 22 ലക്ഷം; ഒടുവിൽ ഇംഗ്ലീഷിൽ ചാറ്റിയവരെ കണ്ട് യുവതി ഞെട്ടി; ത്രിപുര സംഘം കുടുങ്ങുമ്പോൾ
തിരുവനന്തപുരം: മാട്രിമോണിയൽ വെബ് സൈറ്റിലൂടെ തമിഴ്‌നാട് സ്വദേശിയായ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്ന് 22.75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ത്രിപുര സ്വദേശികളെ കേരള പൊലീസ് വലയിലാക്കി. തിരുവനന്തപുരം സ്വദേശിയും ടെക്കിയുമായ യുവതിക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ത്രിപുര സ്വദേശികളായ കുമാർ ജമാതിയ (36), സഞ്ജിത് ജമാതിയ (40), സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ത്രിപുരയിലെ തെലിയമുറയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ:
വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രതികളിലൊരാൾ യുവതിയെ വാട്‌സാപ് വഴി ബന്ധപ്പെടുകയായിരുന്നു. ഇപ്പോൾ ജോർദാനിലെ യു എൻ മിഷനിൽ ജോലി നോക്കിക്കൊണ്ടിരിക്കുന്ന ആളാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്, വിവാഹമോചിതനാണെന്ന് പറയുകയും തുടർന്ന് വിവാഹമോചിതയായ യുവതിയുമായി പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് സുന്ദരനായ ഒരു യുവാവിന്റെ ഫോട്ടോ അയച്ചു നൽകുകയും ചെയ്തു. ഇംഗ്ലീഷിലായിരുന്നു ചാറ്റുകൾ നടത്തിയിരുന്നത്.
എന്റെ കയ്യിൽ നിന്നും ഒരു മെഡിക്കൽ ഉപകരണം വീണു പൊട്ടിയെന്നും അത് ശരിയാക്കുന്നതിനായി, നിലവിൽ താൻ ക്യാമ്പിൽ ആയതിനാൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ഞാൻ പറയുന്ന അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.
പിന്നാലെ യുവതിയെ വിവാഹം കഴിക്കാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും താൻ കുറെ സ്വർണവുമായാണ് വരുന്നതെന്നും യുവതിക്ക് സന്ദേശം അയച്ചു. ഡൽഹി എയർ പോർട്ടിൽ തന്നെ തടഞ്ഞു വച്ചിരിക്കുകയാണെന്നും സ്വർണം തിരിച്ചു കിട്ടാൻ പണം അടയ്ക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ പല ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈക്കലാക്കി.
അതേസമയം ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാട്രിമോണിയൽ സൈറ്റുകൾ വഴി വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്തു കബളിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇതിനായി വ്യാജപേരുകളിൽ ഫേസ്‌ബുക്ക്, വാട്‌സാപ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നു അസി. കമ്മിഷണർ പി. പി. കരുണാകന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇൻസ്‌പെക്ടർ പി. ബി. വിനോദ്കുമാർ, എസ്‌ഐ കെ.എൻ. ബിജുലാൽ, എസ്സിപിഒമാരായ ബി.ബെന്നി, ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



