കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും വൻകവർച്ച. മട്ടന്നൂർ നഗരസഭയിലെ വെള്ളിയാംപറമ്പിൽ വീട് കുത്തിതുറന്ന് കിടന്നുറങ്ങുകയായിരുന്ന രണ്ടു വൃദ്ധസ്ത്രീകകളുടെ സ്വർണമാല കവർന്നു. വെള്ളിയാംപറമ്പ് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. ജ്യോതിസിൽ വി.പി പത്മിനി(74) ആർ.വി പങ്കജാക്ഷി(72) എന്നിവരുടെ സ്വർണമാലയാണ് പൊട്ടിച്ചത്.

പത്മിനിയുടെ അഞ്ചു പവന്റെയും പങ്കജാക്ഷിയുടെ രണ്ടരപവന്റെയും മാലയാണ് കവർന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ കിടന്നു ഉറങ്ങുകയായിരുന്ന ഇരുവരുടെയും മാല കവരുകയായിരുന്നു. മാല പൊട്ടിക്കുന്നത് അറിഞ്ഞ പത്മിനി ബഹളം വച്ചതോടെ മോഷ്ടാക്കൾ ഇറങ്ങി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.

മോഷ്ടാവ് മാലപിടിച്ചു പറക്കുന്നതിനിടെയിൽ പത്മിനിക്ക് കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. പത്മിനിയുടെ ഭർത്താവ് കുഞ്ഞപ്പ മരിച്ചതിനു ശേഷം അയൽവാസിയും ബന്ധുവായ പങ്കജാക്ഷി രാത്രികാലത്ത് കൂടെ താമസിക്കാൻ വീട്ടിലെത്തിയതായിരുന്നു. ഇവർ രണ്ടു പേർ മാത്രമാണ് ഇരുനില വലിയ വീട്ടിൽ താമസിച്ചിരുന്നു. ഇവരുടെ വീട്ടിൽ കയറിയതിനു ശേഷം സമീപത്തെ പി.വി സുമേഷിന്റെ പഴയവീട്ടിലും മോഷണം നടന്നു.

വീട്ടിനുള്ളിലെ സാധനങ്ങളും പുറത്തുവലിച്ചിട്ട നിലയിലാണ് മോഷണം നടന്ന വീടിനു സമീപത്തെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മട്ടന്നൂർ സി. ഐ. എ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് മോഷണം നടന്ന വീടുകളിലെത്തിപരിശോധന നടത്തി. കണ്ണൂരിൽ നിന്നും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

മട്ടന്നൂർ മേഖലയിൽ ക്ഷേത്രകവർച്ചയും ഭവനഭേദനവും പതിവാകുമ്പോഴും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.