തിരുവനന്തപുരം: മേയറുടെ വിവാദകത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് ബോധപൂർവം. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ കോടതിയിലേക്കെത്തുമെന്നതിനാലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയത്. സിപിഎമ്മിന്റെ വഞ്ചിയൂർ ഏര്യാ സെന്ററിലെ അംഗമാണ് ഈ കത്ത് പുറത്തു വിട്ടത്. ഒരു ലോക്കൽ സെക്രട്ടറിക്കാണ് അയച്ചത്. ഇതാണ് ചോർന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് പേരുടേയും മൊബൈൽ പരിശോധിച്ചാൽ തന്നെ വസ്തുത പുറത്തു വരും. അതുകൊണ്ടാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്തത്.

ഈ കത്ത് ആദ്യം വാർത്തയായി നൽകിയത് മനോരമയാണ്. അതുകൊണ്ട് കത്ത് വ്യാജമെന്ന് പറഞ്ഞതു കൊണ്ടു തന്നെ മനോരമയിലെ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യേണ്ടി വരും. കത്തിന്റെ ഉറവിടം മനസ്സിലാക്കാനാണ് ഇത്. എന്നാൽ കത്ത് എങ്ങനെ പുറത്തു പോയി എന്നത് പകൽ പോലെ വ്യക്തമാണ്. ഇതാണ് പൊലീസിനേയും ക്രൈംബ്രാഞ്ചിനേയും കുഴക്കുന്നത്. മേയറുടെ പേരിലുണ്ടാക്കിയ കത്ത് ഇമെയിലിലൂടെ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ചെന്നും സൂചനയുണ്ട്. ജില്ലാ സെക്രട്ടറിയുടെ ഓഫീസിലെ കമ്പ്യൂട്ടർ അടക്കം പരിശോധിച്ചാൽ എല്ലാം തെളിയും. കത്ത് കണ്ടിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്.

കത്തിൽ മേയർ ഒപ്പിട്ടില്ലെന്നത് വസ്തുതയാണ്. മേയറുടെ കത്തിലുള്ളത് സ്‌കാൻ ചെയ്ത ഒപ്പാണെന്നും സൂചനകളുണ്ട്. എന്നാൽ ഈ കത്ത് കോർപ്പറേഷൻ ഓഫീസിൽ തന്നെയാണ് തയ്യാറാക്കിയതെന്നതാണ് വസ്തുത. കോർപ്പറേഷനിലെ സിപിഎം കൗൺസിലർമാരെ ചോദ്യം ചെയ്താൽ തന്നെ കത്തിന്റെ വസ്തുത പുറത്തു വരും. മേയർ ആര്യയയുടെ മൊബൈൽ പരിശോധിച്ചാൽ ആരെങ്കിലും ഈ കത്ത് മേയർക്ക് വാട്‌സാപ്പ് ചെയ്‌തോ എന്നും വ്യക്തമാകും. എന്നാൽ ഇത്തരം പരിശോധനയ്‌ക്കൊന്നും പൊലീസ് കടക്കുന്നില്ല. മേയറുടെ മൊഴി നിർണ്ണായകമാണ്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയർ മൊഴി നൽകിയിട്ടുള്ളത്.

സാധാരണ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പ്രധാനസംഭവങ്ങളിൽ കേസുകൾ നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറാറുമുണ്ട്. ഇവയിലെല്ലാം കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം തുടങ്ങുക. എന്നാൽ, ഇത് സാങ്കേതികം മാത്രമാണെന്നും അന്വേഷണം തുടരുന്നതിനൊപ്പം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് വാദം. വിവാദ കത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമാത്രമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷിച്ച് റിപ്പോർട്ടുനൽകാനാണ് ക്രൈംബ്രാഞ്ച് മേധാവിയിൽ നിന്നുള്ള നിർദ്ദേശം.

എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ആദ്യം അന്വേഷണം നടത്തിയത് കന്റോൺമെന്റ് പൊലീസാണ്. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. രണ്ടുമാസത്തോളം സമയമെടുത്താണ് അന്വേഷണസംഘത്തിന് പ്രതികളെ പിടികൂടാനായത്. ഈ കേസിലും വലിയ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. വിവാദ കത്ത് കേസിലും അന്വേഷണം വൈകുമെന്നാണ് വിലയിരുത്തൽ. അതിനിടെ കോർപറേഷനിലെ കത്തു വിവാദത്തിൽ പൊലീസ് അന്വേഷണം വേണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നും തീരുമാനിച്ചത് നിയമോപദേശത്തെ തുടർന്നായിരുന്നു.

കത്ത് താൻ തയാറാക്കിയതല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മേയർ ആര്യ രാജേന്ദ്രൻ പൊലീസിൽ നേരിട്ടു പരാതി നൽകുന്നതും പാർട്ടി ഇടപെട്ടു വിലക്കിയെന്നാണു വിവരം. അത്തരം അന്വേഷണം പിൻവാതിൽ നിയമനം സംബന്ധിച്ച കൂടുതൽ വിവാദങ്ങളിലേക്കു നയിക്കുമെന്നു ചിലരെങ്കിലും ഭയപ്പെടുന്നു. കാരണം, പൊലീസ് സ്റ്റേഷനിൽ മേയർ പരാതി നൽകിയാൽ എഫ്‌ഐആർ ഇടണം. അതോടെ കേസ് രജിസ്റ്റർ ചെയ്യപ്പെടും. തൽക്കാലം 'അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുക' എന്നു മാത്രമാണ് ക്രൈം ബ്രാഞ്ചിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

കേസെടുത്താൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യേണ്ടി വരുമെന്നും മേയറുടെ ഓഫിസിലെ കംപ്യൂട്ടറും കത്ത് പ്രചരിപ്പിച്ചവരുടെ ഫോണും ഫൊറൻസിക് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടി വരുമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയതായി അറിയുന്നു. കോടതിയിലെത്തുമ്പോൾ താൽക്കാലിക നിയമന രീതികളെക്കുറിച്ച് കോർപറേഷനും വിശദീകരിക്കേണ്ടി വരും. ഡിജിപി അനിൽ കാന്തിനോടു കൂടി ആലോചിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തീരുമാനിച്ചത്.