തിരുവനന്തപുരം: കോർപറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി ഉടൻ ഡിജിപിക്ക് ശുപാർശ നൽകും. ഇതോടെ അന്വേഷണം പുതിയ തലത്തിലേക്ക് എത്തും. അതിനിടെ തുടരന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്. കത്തിന്റെ ഉറവിട അന്വേഷണം സിപിഎം നേതാക്കളേയും വെട്ടിലാക്കിയേക്കും. വ്യാജ കത്ത് ആണെന്ന മേയറുടെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണു ക്രൈംബ്രാഞ്ച് നടപടി.

മനോരമയാണ് മേയറുടെ കത്ത് പുറത്തു വിട്ടത്. അതുകൊണ്ട് തന്നെ വ്യാജമെന്ന് കണ്ടെത്തിയ കത്ത് പുറത്തു വിട്ട ലേഖകനെ ചോദ്യം ചെയ്താൽ പോലും ഇതിലെ സത്യം പുറത്തു വരും. അങ്ങനെ ചെയ്യുമ്പോൾ സോഴ്‌സ് വെളിപ്പെടുത്തില്ലെന്ന് മാധ്യമ പ്രവർത്തകന് മറുപടി നൽകാൻ കഴിയില്ല. കാരണം കത്ത് വ്യാജരേഖയാണ്. ഈ സാഹചര്യത്തിൽ കത്ത് കിട്ടിയ ഉറവിടം മാധ്യമ പ്രവർത്തന് വെളിപ്പെടുത്തേണ്ടി വരും. അല്ലെങ്കിൽ കത്തുണ്ടാക്കിയതും പ്രചരിപ്പിച്ചും മാധ്യമ പ്രവർത്തകനായി മാറുകയും ചെയ്യും. ശോഭനാ ജോർജ് പ്രതിയായ പഴയ വ്യാജരേഖാ കേസിന് സമാനമായ സാഹചര്യം അതുണ്ടാക്കും. ഈ വ്യാജരേഖാ കേസ് പിന്നീട് കോടതിയിൽ പൊളിഞ്ഞുവെന്നതാണ് മറ്റൊരു വസ്തുത. ഒത്തുതീർപ്പായിരുന്നു ഇതിന് കാരണം.

ഈ കേസ് അന്വേഷിക്കാതെ മുമ്പോട്ട് പോകാൻ സർക്കാരിനുമാകില്ല. കത്ത് വിഷയത്തിൽ എന്തു ചെയ്തു എന്നു സർക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം. കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് അന്വേഷണം തങ്ങളുടെ കൈവിട്ടു പോകാതിരിക്കാൻ കേരള പൊലീസ് നീക്കം തുടങ്ങിയത്. പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്താതെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തേക്കുമെന്നു നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ കത്തു പുറത്തു വിട്ടത് മനോരമ പത്രമാണെന്നിരിക്കെ അത്തരത്തിൽ പ്രതി ചേർക്കാതിരിക്കാൻ പറ്റുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മേയറുടെ കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചവരെയും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കേരള പൊലീസിന്റെ സൈബർ ഡോമിൽ സംവിധാനമുണ്ട്. അവിടെ പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടൻ ഉറവിടം കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകർപ്പും മറ്റും ഇതുവരെ സൈബർ ഡോമിനു കൈമാറിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യം തന്നെ കൈമാറേണ്ടിയിരുന്നെങ്കിലും ഉന്നതതല ഇടപെടലിനെത്തുടർന്ന് അതു ചെയ്തിട്ടില്ലെന്നായിരുന്നു ആക്ഷേപം.

തിരുവനന്തപുരം ജില്ലയിലെ പ്രധാന സിപിഎം ഗ്രൂപ്പിലാണ് ഈ കത്ത് വന്നതെന്നാണ് ഉയരുന്ന ആരോപണം. ഈ കത്താണ് മനോരമയ്ക്ക് കിട്ടിയത്. ഇത്തരത്തിലെ മൊഴി മാധ്യമ പ്രവർത്തകൻ നൽകിയാൽ ആ ഗ്രൂപ്പിലേക്ക് അന്വേഷണം പോകേണ്ടി വരും. സൈബർ ഡോം സംവിധാനത്തിൽ ഇതെല്ലാം കണ്ടെത്താനും കഴിയും. അത് സിപിഎമ്മിനെ വ്യാപക പ്രതിസന്ധിയിലാക്കും. ഇതുകൊണ്ടാണ് അന്വേഷത്തിൽ ഒളിച്ചുകളികൾ നടക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് ഫോണിലൂടെ രേഖപ്പെടുത്തിയത് വിവാദത്തിലായിരുന്നു. ഫോണിലൂടെ നടത്തിയ സംഭാഷണം മൊഴിയായി കണക്കാക്കി ക്രൈംബ്രാഞ്ച് മേധാവിക്കു റിപ്പോർട്ട് നൽകുമെന്നായിരുന്നു തിരുവനന്തപുരം യൂണിറ്റ് എസ്‌പി എസ്.മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞത്. ആര്യയുടെ കത്തു കണ്ടിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ആനാവൂരിന്റെ ഫോൺ മൊഴി. ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് ഉരുണ്ടുകളിച്ചത് ദുരൂഹത വർധിപ്പിച്ചിരുന്നു.

ആര്യ രാജേന്ദ്രൻ, ആനാവൂർ നാഗപ്പൻ, കോർപറേഷനിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴി വിജിലൻസും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.