അടൂർ: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 60 ലക്ഷം തട്ടിയ കേസിൽ വൻ റാക്കറ്റിന്റെ ഭാഗമായ ബീഹാർ സ്വദേശി അറസ്റ്റിൽ. വെല്ലൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബിഹാർ പറ്റ്ന ഫുൽവാരി ഗർദ്ദാനിബാഗ് അനിസാബാദ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മൗലാനാ ആസാദ് എൻജിനീയറിങ് കോളേജിന് എതിർവശം അലി നഗർ 219 ൽ നിന്നും ഇപ്പോൾ തമിഴ്‌നാട് കന്യാകുമാരി തക്കല മൂളച്ചൽ എന്ന സ്ഥലത്ത് ഗാർഡൻവിളൈ 15/1831 ൽ താമസിക്കുന്ന റൈനാൾഡ് ടി ജേക്കബി (23 )നെയാണ് തക്കലയിൽ നിന്നും അറസ്റ്റ് ചെയ്തത്.

പറക്കോട് സ്വദേശിയുടെ പരാതി പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. മാവേലിക്കര സ്വദേശിയായ സ്റ്റീഫൻ എന്നയാൾ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനെ സമീപിച്ചു. തുടർന്ന് കന്യാകുമാരി സ്വദേശികളായ മറ്റു നാലു പേരെ പരിചയപ്പെടുത്തുകയും 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി. ഇവർ വിവിധ സ്ഥലങ്ങളിൽ കുടുംബത്തോടൊപ്പവും അല്ലാതെയും വാടകവീടുകളിലും മറ്റും മാറി മാറി താമസിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. സമാന കേസുകളിൽ ഇവർക്കെതിരെ പന്തളം, പാല, തൃശൂർ വെസ്റ്റ്, മഹാരാഷ്ട്ര, നാഗ്പൂർ എന്നിവിടങ്ങളിൽ കേസുകൾ ഉള്ളതായും തട്ടിപ്പിനുപിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്‌പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ അംഗങ്ങളായ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്‌ഐമാരായ എം. മനീഷ്, അനിൽ കുമാർ, സി.പി.ഓമാരായ അൻസാജു, സുഡാഷ് എന്നിവർ ചേർന്നാണ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.