ചെന്നൈ: വൈദികന്‍ ചമഞ്ഞ് മെഡിക്കല്‍ കോളേജ് സീറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശി പിടിയില്‍. പത്തനംതിട്ട കൂടല്‍ സ്വദേശിയായ ജേക്കബ് തോമസാണ് തട്ടിയെടുത്തത്. തൃശൂര്‍, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷിതാക്കളില്‍ നിന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയത്

വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കോടികള്‍ തട്ടിയത്. തമിഴ്‌നാട്ടിലെ പ്രമുഖ കോളേജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയാണ് ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്. കോടികള്‍ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്. ചെന്നൈ അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

കേരളത്തിലെ വിവിധ ഇടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് കൂടാതെ നാഗ്പൂരിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജേക്കബ് തോമസ് പത്തനംതിട്ടയിലെ കൂടല്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ഇയാള്‍ കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്.

സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജേക്കബ് തോമസ് ആഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ഇയാളുടെ ജീവിത ശൈലിയില്‍ വിശ്വസിച്ചു കൊണ്ടാണ് നാ്ട്ടുകാര്‍ പണം നല്‍കിയതും. വെല്ലൂരിലെ സിംഎസി മെഡിക്കല്‍ കോളേജുമായും ആഗ്ലിക്കന്‍ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളെന്നും മറ്റും പറഞ്ഞാണ് ജേക്കബ് തോമസ് രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്. വിശ്വസിപ്പിക്കാന്‍ ബിഷപ്പുമാരുമായുള്ള ചിത്രങ്ങളും നല്‍കി.

ഇയാളുടെ മോഹന വാഗ്ദാനത്തില്‍ വിശ്വസിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഇരകളില്‍ പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. ഈ കേസില്‍ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും, പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

തൃശൂര്‍ വെസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ പൊലീസ് തൃശൂരില്‍ പ്രതിയെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആയ ലാല്‍ കുമാര്‍ ,സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയ ടോണി വര്‍ഗീസ്, മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ റൂബിന്‍ ആന്റണി എന്നിവരുണ്ടായിരുന്നു.