- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ഒരു കോടി വിലവരുന്ന എംഡിഎംഎ; രാജധാനി എക്സ്പ്രസിൽ ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; പരിശോധന ഭയക്ക് കണ്ണൂരിൽ ഇറങ്ങി കൊടുവള്ളി സ്വദേശി ജാഫർ; സ്ഥിരം മയക്കുമരുന്ന് കടത്തുന്ന ആളെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് ഒരു കോടിയോളം രൂപ വരുന്ന മയക്കുമരുന്നാണ്. മാരകമയക്ക് മരുന്നായ 600 ഗ്രാം എംഡി എംഎയാണ് ആർ പി എഫും എക്സൈസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ എം ജാഫറിനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്.
അറസ്റ്റിലായ ജാഫർ സ്ഥിരമായി മയക്കുമരുന്ന് കച്ചവടം ചെയ്തു ജീവിക്കുന്ന ആളാണ് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് കച്ചവടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പല ഇടനിലക്കാർ പലസ്ഥലങ്ങളിൽ നിന്നും ലഹരി മരുന്നുകളായ എംഡി എം എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയവ കേരളത്തിലേക്ക് കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും ലഹരി മരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് കൊടുവള്ളി എലെറ്റിൽ കിഴക്കൊത്ത് സ്വദേശി നടമുറിക്കൽ വീട്ടിൽ ജാഫറിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത ഇയാൾ പരിശോധന ഭയന്ന് കണ്ണൂരിൽ ഇറങ്ങുകയായിരുന്നു. റോഡ് മാർഗ്ഗം കോഴിക്കോടെത്താനായിരുന്നു ശ്രമം. വലിയ പരിശോധന ഉണ്ടാവില്ലെന്ന് കരുതിയാണ് സ്റ്റോപ്പുകൾ കുറവുള്ളതും വലിയ ചെലവ് വരുന്നതുമായ രാജധാനി എക്സ്പ്രസിൽ കയറിയത്.
പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ വച്ചിരുന്നത്. ന്യൂഡൽഹിയിൽ നിന്നും നിന്നും മയക്കുമരുന്ന് വാങ്ങി കൊണ്ടുവന്ന് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചു. വിപണിയിൽ ഒരു കോടിക്ക് മേലെ വില വരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ. ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ മയക്കുമരുന്നു കടത്തിയിട്ടുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കും.
മറുനാടന് മലയാളി ബ്യൂറോ