കൊച്ചി: തൃപ്പൂണിത്തുറയിൽ കോടികളുടെ ലഹരിമരുന്നു വേട്ട. കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്‌സിങ് വിദ്യാർത്ഥിനിയടക്കം രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ ഒരാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി.

കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവർ നൽകിയിരിക്കുന്നു മൊഴി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥിരമായി ലഹരി കടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായതെന്നാണ് സൂചന. സ്ത്രീകളെയും വിദ്യാർത്ഥിനികളെയും ഉപയോഗിച്ചു ലഹരി കടുത്തുന്ന സംഭവങ്ങൾ പതിവായ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകളിലേക്കും പൊലീസ് കടന്നേക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാർ നിർത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. ഇരുമ്പനത്ത് എത്തിയോടെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നടത്തിയ നീക്കം ലഹരിസംഘത്തിന് വിനയായി. കാർ ഷോറൂമിലേക്കാണ് ലഹരിസംഘം വാഹനം ഓടിച്ചുകയറ്റിയത്. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമാരുന്നെത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊച്ചിയിലെ ലഹരിമാഫിയക്കായി വർഷയാണ് ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന സൂചനകൾ. ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ വർഷ ശനിയാഴ്ച രാവിലെയാണ് കോട്ടയത്ത് എത്തിയത്. ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാൻ വരുന്നതിനിടെയാണ് പിടിയിലായത്. സംഘത്തിലെ കൂടുതൽ പേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു.

നേരത്തെയും സംഘം സമാനമായ രീതിയിൽ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് ഹിൽപാലസ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്ത്രീകളെ ഒപ്പം കൂട്ടുന്നത് പലപ്പോഴും പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിക്കാൻ വേണ്ടിയാണ്.