- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രണ്ട് യുവാക്കൾക്കൊപ്പം ഇന്നോവയിൽ ഷാക്കിറ മാത്രം
മലപ്പുറം: മയക്കുമരുന്ന് കടത്താൻ സ്ത്രീകളെ മറയാക്കുന്നത് കുറച്ചുകാലമായി പതിവായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരമൊരു മയക്കുമരുന്ന് കടത്ത് കേസു കൂടി പിടിക്കപ്പെട്ടു. മലപ്പുറത്ത് യുവതിയും കൂട്ടുകാരും 13 ലക്ഷം രൂപയുടെ എംഡിഎംഎയുമായാണ് പിടിയിലായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനാണഅ പൊലീസും എക്‌സൈസും ഒരുങ്ങുന്നത്.
മലപ്പുറം നിലമ്പൂർ വടപുറത്ത് നിന്നാണ് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിലായത്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂർ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 265.14 ഗ്രാം എം ഡി എം എയാണ് ഇവരിൽ നിന്നും കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതോടെയാണ് തിരച്ചിൽ നടത്താൻ എക്‌സൈസ് തീരുമാനിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചില്ലറ വിൽപ്പനക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. ഇത്രയും വലിയ അളവിൽ എംഡിഎംഎ പിടികൂടിയതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പലയിടങ്ങളിലും എംഡിഎംഎ കടത്തുകേസിൽ സ്ത്രീകൾ പിടിയിലാകുന്നത് വർധിച്ചിട്ടുണ്ട്.
പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാനും സംശയം തോന്നാതിരിക്കാനും മയക്കുമരുന്ന് കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നു. ഇവർ ഇടനിലക്കാരാണെന്നാണ് സൂചന. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഇടവും ഇവർ ആർക്കാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം കൊച്ചിയിലും എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായിരുന്നു. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.