- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്തെ എംഡിഎംഎ വേട്ടയിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് റമീസും യുവരാജും; ഇരുവരുടെയും അക്കൗണ്ടുകൾ വഴി നടന്നത് കോടികളുടെ പണമിടപാടുകളെന്ന് പൊലീസ്; ബംഗളുരുവിൽ നിന്നും കേരളത്തിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളെന്നും പൊലീസ്
പത്തനംതിട്ട: പന്തളത്ത് എംഡിഎംഎ പിടിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഫയർ സ്റ്റേഷന് സമീപം തേനാമാക്കൾ വീട്ടിൽ മനോജ് വി സലാമിന്റെ മകൻ റമീസ് മനോജ് (23), തൃശൂർ ചാലക്കൽ തോളൂർ പറപ്പൂർ മുള്ളൂർ കുണ്ടുകാട്ടിൽ ഹരിനാരായണന്റെ മകൻ കുഞ്ഞ് എന്ന് വിളിക്കുന്ന യുവരാജ് (22) എന്നീവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 30 ന് പന്തളത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നും 154 ഗ്രാം എം ഡി എം എയുമായി 5 പേരെ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയ കേസിലാലെ കണ്ണികളാണ് ഇവർ.
മോളി, എക്സ്, എക്സ്റ്റസി, എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്ന നിരോധിത ലഹരിമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിച്ച് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സ് ഉത്തരവായതിനെതുടർന്ന്, ഊർജ്ജിതമായി നടക്കുന്ന അന്വേഷണത്തിൽ ആകെ ഇതുവരെ പിടിയിലായത് 8 പ്രതികളാണ്.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായിരുന്നു പന്തളത്തേത്. റമീസ് കേസിൽ ഏഴാം പ്രതിയാണ്, യുവരാജ് എട്ടാം പ്രതിയും. ഒന്നുമുതൽ 5 വരെ പ്രതികളെ ജൂലൈ 30 നും, ആറാം പ്രതി സിദ്ധീക്കിനെ ഈമാസം 10 ന് ബംഗളുരു നിന്നും അതിസാഹസികമായാണ് പിടികൂടുകയത്. ആദ്യം അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, എം ഡി എം എ യുടെ ഉറവിടം തേടി സംഘം ബാഗളൂർ പോകുകയും, അവിടെ നിന്നും ആറാം പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ 17 ന് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനെതുടർന്ന് തന്ത്രപരമായി നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് ഏഴും എട്ടും പ്രതികളായ റമീസ് മനോജും, യുവരാജും കുടുങ്ങിയത്.
റമീസിനെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്ന് 19 നും, യുവരാജിനെ തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപത്തുവച്ച് 21 നുമാണ് പിടികൂടിയത്. റമീസിനെ പിടികൂടുമ്പോൾ ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്നും മൊബൈൽ ഫോൺ, ബെീഗളുരു വൃന്ദാവൻ എഞ്ചിനിയറിങ്ങ് കോളേജിന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഫെഡറൽ ബാങ്ക് എ ടി എം കാർഡ്,2 വെയിങ് മെഷീൻ, ഫിൽറ്റർ പേപ്പർ അടങ്ങിയ പൊതി, ലഹരിവസ്തുക്കൾ പൊടിക്കാൻ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയ ക്രഷർ, ലഹരിവസ്തു വലിക്കുന്നതിനുള്ള ഷൂട്ടർ എന്ന ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു.
ഇയാളുടെ മൊബൈൽ ഫോൺ വിളികൾ ജില്ലാ സൈബർ പൊലീസിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മറ്റ് പ്രതികളുമായി നിരന്തരം ആശയവിനിമിയം നടത്തിയതായി അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. പഠനത്തിനിടയിൽ തന്നെ ലഹരിമരുന്ന് കച്ചവടക്കാരുമായി ബന്ധപ്പെടുകയും, ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും, വിപണനം നടത്തുന്നതിന് വാഹകരായി പ്രവർത്തിച്ചുവരുന്നതായും വ്യക്തമായി. ലഹരിമരുന്ന് കച്ചവടത്തിൽ പങ്കാളിയായതിന് യുവാക്കൾ പ്രതിഫലം കൈപ്പറ്റുകയും ചെയ്തു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പൊലീസിന് ഇത് ബോധ്യപ്പെട്ടു. പൊലീസിനെ മാത്രമല്ല പ്രതികളുടെ വീട്ടുകാരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളുടെ കണക്കുകൾ. റമീസിന്റെ കാഞ്ഞിരപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ ഇത്തരത്തിൽ ആറുമാസത്തിനിടെ നടന്നത് 37,21,674 രൂപയുടെ ഇടപാടാണ് ! ഇതേ കാലയളവിൽ യുവരാജിന്റെ തൃശൂർ ചിറ്റിലപ്പള്ളി ഫെഡറൽ ബാങ്ക് അക്കൗണ്ടിലെ ഇടപാട് 60,68,772 ലക്ഷവും, തൃശൂർ യൂണിയൻ ബാങ്കിന്റെ അമല ശാഖയിലെ അക്കൗണ്ടിലേത് 17,52,297 രൂപയുടേതുമാണ് കണ്ടെത്തിയത്.
ഇതോടെ ഇരുവർക്കും ലഹരിമരുന്ന് കച്ചവടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി. ബാഗ്ലൂരിൽ താമസിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കും മറ്റും വിപണനം നടത്തിവന്ന ഇരുവരും, ലഹരിമരുന്ന് കച്ചവട സംഘത്തിലെ കണ്ണികളാണെന്നും വെളിപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള നിക്ഷേപമാണ് ഇരുവരുടെയും അക്കൗണ്ടുകളിൽ കണ്ടെത്തിയത്. യുവരാജ് ബാഗ്ലൂരിൽ ക്രിസ്തുജയന്തി കോളേജിൽ ബി ബി എ പഠനം കഴിഞ്ഞ്,ബാഗ്ലൂരിൽ പോയും വന്നും കച്ചവടത്തിൽ ഏർപ്പെട്ടുവരികയാണ് എന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
പ്രതികൾ ബംഗളുരു, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഇടയ്ക്കിടെ വിനോദസഞ്ചാരം നടത്തുകയും, ആഡംബര ജീവിതം നയിക്കുകയും മുന്തിയ ഇനം വാഹനങ്ങൾ സ്വന്തമാക്കുകയും ചെയ്തതായും അന്വേഷണത്തിൽ വെളിവായി. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം, പന്തളം പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാർ, എസ് ഐ മാരായ ശ്രീജിത്ത്, നജീബ്, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സി പി ഓ സുജിത്, പന്തളം പൊലീസ് സ്റ്റേഷനിലെ ശരത്, നാദിർഷാ, രഘു, അർജുൻ കൃഷ്ണൻ, ജില്ലാ സൈബർ സെല്ലിലെ എസ് സി പി ഓ ആർ ആർ രാജേഷ് എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ആറാം പ്രതി സിദ്ധീക്കിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, എം ഡി എം എ കൈമാറ്റത്തിൽ ഉൾപ്പെട്ട മറ്റു ചില പ്രതികളെ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ അന്വേഷണസംഘം. റമീസിനെയും യുവരാജിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതിന് പ്രൊഡക്ഷൻ വാറന്റിനായി കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈമാസം 27 മുതൽ 30 വരെയുള്ള കാലയളവിലേക്കാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ബാഗ്ലൂരിൽ കഫെ ഷോപ്പ് നടത്തിപ്പിന്റെ മറവിൽ അവിടേക്ക് വിദ്യാർത്ഥികളെ, പ്രത്യേകിച്ച് മലയാളികളെ എത്തിച്ച്, ലഹരിമരുന്ന് നൽകി അടിമകളാക്കുകയും, തുടർന്ന് വാഹകരാക്കുകയും ചെയ്യുകയാണ് ലഹരിക്കടത്തുസംഘം. കുട്ടികളെ ഉപയോഗിച്ച്, അവരുടെ സൗഹൃദങ്ങളിലൂടെ കൂടുതൽ കണ്ണികളെ സംഘത്തിൽ ചേർത്ത് കച്ചവടം വ്യാപിപ്പിക്കുകയാണ് സംഘം. പ്രതികളിൽ നിന്നും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്നതിന് ഉൾപ്പെടെയുള്ള സാധനങ്ങൾ പൊലീസ് കണ്ടെത്തി. ഇതിൽ
പലതും മുമ്പ് കണ്ടിട്ടുപോലുമില്ലാത്തതാണെന്നത് സംഘത്തെ അത്ഭുതപ്പെടുത്തി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം വ്യാപിപ്പിക്കുമെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ഇരകളാക്കുന്ന സാഹചര്യം തടയുന്നതിന് ശക്തമായ. നടപടികൾ തുടരുകയാണെന്നും, ബോധവൽക്കരണപ്രവർത്തമ്പവും നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്