- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയത് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍; തലശ്ശേരിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായ റിഷാദും നദീമും വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് പോലീസ്; ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന ഇവരുടെ പതിവു പരിപാടി
ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയത് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍
കണ്ണൂര്‍: സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി തലശേരി നഗരത്തില്‍ വില്‍പ്പനക്കാരായ രണ്ടു പേര്‍ അറസ്റ്റില്‍. എം.ഡി.എം എ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി തലശേരി നഗരസഭയിലെ ടെമ്പിള്‍ ഗേറ്റ് സ്വദേശി ഉള്‍പ്പെടെ രണ്ടു പേരാണ് പിടിയിലായത്
തലശേരി പഴയ ബസ് ബസ്റ്റാന്റിനു സമീപത്തെ ലോഡ്ജില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ മാരക മയക്കു മരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ടുപേരെയാണ് രഹസ്യവിവരമനുസരിച്ചു തലശേരി ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എര്‍ണാകുളം സ്വദേശിയായ കെ.എം റിഷാദ്, തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശിയായ സി.പി. കെ നദീം. എന്നിവരെ മാരക സിന്തറ്റിക്ക് ലഹരി വസ്തുക്കള്‍ സഹിതം പിടികൂടിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇവര്‍ മുറി തുറക്കുവാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. ഇവരില്‍ നിന്നും 15.49 ഗ്രാം എംഡിഎംഎ, 3.07 ഗ്രാം ഹാഷിഷ് ഓയില്‍, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.വിബിജു പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ പി.പിഷമീലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായഷാഫത്ത് മുബാറക്ക്, എസ്.ഐ എസ്.രാജീവന്‍, എസ്.സി.പി.ഒ പ്രവീഷ്, സി.പി.ഒ നസീല്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലശേരി നഗരത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് വില്‍പ്പനക്കാരായ പ്രതികളുടെ ഇടപാടുകാര്‍. ബംഗ്‌ളൂരില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
പ്രതികളെ കുറിച്ചു നേരത്തെ വിവരം ലഭിച്ചതിനാല്‍ പൊലിസ് നിരീക്ഷിച്ചു വരികയായിരുന്നു. തലശേരി നഗരത്തിലെ ലോഡ്ജുകളില്‍ മാറി മാറിതാമസിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞാണ് പ്രതികള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും ഇടപാടുകാരുടെ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. റിമാന്‍ഡിലായ ഇരുവരുടെയും നിയമനടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും. വരും ദിവസങ്ങളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസ് അറിയിച്ചു.