തിരുവല്ല: ബാംഗ്ലൂരില്‍ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന സര്‍വീസ് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പിടിയിലായത് അടൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍. ഇരുവരെയും വിലങ്ങണിയിച്ച് തെളിവെടുപ്പും നടത്തി. രണ്ടു പ്രതികളുണ്ടെന്ന് മാധ്യമങ്ങള്‍ വിവരവും നല്‍കി. വൈകിട്ട് ജില്ലാ പോലീസ് മേധാവിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ പ്രതിയായുള്ളത് ഒരാള്‍ മാത്രം. എന്തു സംഭവിച്ചുവെന്ന് ചോദിച്ചപ്പോള്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ ഉരുണ്ടു കളി.

അടൂര്‍ പഴകുളം വലിയവിളയില്‍ ഫൈസല്‍ മുഹമ്മദിനെ (24)11 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തുവെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താക്കുറിപ്പ്. അതേ സമയം ഇയാള്‍ക്കൊപ്പം വിലങ്ങിട്ട് പോലീസ് തെളിവെടുത്ത് 21 കാരനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്.

ബാംഗ്ലൂര്‍ മഡുവാളയില്‍ നിന്നും ഇന്നലെ വൈകിട്ട് 9 മണിയോടെ പുറപ്പെട്ട യാത്ര എന്ന ടൂറിസ്റ്റ് ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് എംഡി എം എയുമായി പിടിയിലായത്. തിരുവല്ല -ചെങ്ങന്നൂര്‍ റോഡില്‍ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടില്‍ സില്‍ക്സിന് മുമ്പിലായി ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ബസ്സിന്റെ ലഗേജ് കമ്പാര്‍ട്ട്മെന്റ് ഷൂസിലും ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പിടികൂടിയത്.

പിടിയിലായ ഫൈസല്‍ മുഹമ്മദിന് എതിരെ എംഡിഎംഎ, കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന് വേണ്ടി ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പറയുന്നു.




ആഡംബരക്കാറില്‍ ഇവര്‍ എത്തിയതിന് ശേഷമാണ് പോലീസിന്റെ തിരക്കഥ മാറി മറിഞ്ഞത്. രണ്ടു യുവാക്കളെയും വിലങ്ങണിയിച്ച് തെളിവെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. വൈകിട്ട് പോലീസ് റിലീസ് വന്നപ്പോള്‍ ഒരു പ്രതിയായി ചുരുങ്ങിയതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയെ വിളിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല.

എംഡിഎംഎ കൈവശം വച്ചിരുന്നയാളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാമനെതിരേ അന്വേഷണം ഉണ്ടാകും. അത് അന്വേഷിക്കേണ്ടത് തിരുവല്ല പോലീസാണെന്നും സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്നും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാര്‍ പറഞ്ഞു. അതേ സമയം, രണ്ടാമനെ വിട്ടയച്ചിട്ടില്ലെന്നും കസ്റ്റഡിയില്‍ ഉണ്ടെന്നുമാണ് പോലീസ് ഭാഷ്യം.