തളിപറമ്പ്: തളിപ്പറമ്പ് നഗരത്തിനടുത്ത സ്വന്തം വീടിന്റെ ഒന്നാംനിലയിൽ സൂക്ഷിച്ച സിന്തറ്റിക്ക് മയക്കുമരുന്ന് ശേഖരിച്ച് ചില്ലറയായി വിൽപന നടത്തിയിരുന്ന യുവാവിനെ രഹസ്യം വിവരം ലഭിച്ചു നടത്തിയ റെയ്ഡിനെ തുടർന്ന് എക്സൈസ് വീടുവളഞ്ഞ് പിടികൂടി. വിപണിയിൽ പന്ത്രണ്ട് ലക്ഷം രൂപ വരുന്ന എം.ഡി. എം. എയുമായാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ എളമ്പേരം പാറയിലെ ചെറുകുന്നോന്റകത്ത് മൂസാൻകുട്ടിയെയാ(21 )ണ് തളിപറമ്പ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വിപിൻകുമാറും സംഘവും പിടികൂടിയത്.

എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുൾഫെക്സ് കമ്പനിക്ക് സമീപത്തെ മൂസാൻകുട്ടിയുടെ വീടിനു സമീപത്തെ രണ്ടാം നിലയിൽ നിന്നാണ് 23.5 ഗ്രം എം. ഡി. എം. എ പിടികൂടിയത്. ബംഗ്ളൂരിൽ നിന്നെത്തിച്ച എം.ഡി. എം. എ തളിപറമ്പിലും പരിസരത്തുമുള്ള യുവാക്കൾക്കിടെയിലാണ് വിതരണം ചെയ്തിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഏറെക്കാലമായി മൂസാൻകുട്ടി പൊലിസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ എ. അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽലതീഫ്, ഇബ്രാഹിം ഖലീൽ, വി.ധനേഷ്, സി.നിത്യ, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.രജിരാഗ്, വി. പി ശ്രീകുമാർ എന്നിവരും എം.ഡി. എം. എ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ മൂസാൻകുട്ടിയെ റിമാൻഡ് ചെയ്തു. ക്രിസ്തുമസ്, പുതുവതസരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനെതിരെ എക്സൈസും പൊലിസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി കേസുകളാണ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ കുടിയാന്മലയിൽ നിന്നും എം.സി. എ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേരെ പൊലിസ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. ഇവർ മയക്കുമരുന്ന് കടത്താനുപയോഗിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്.