കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ഒരു വിഭാഗം ആളുകൾ ചേർന്ന് ആക്രമിച്ചു. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മർദിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മർദിച്ചത്. സുരക്ഷാ ജീവനക്കാരിൽ ഒരാളെ സംഘം ചേർന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിൽ വിനേഷൻ, ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നീ മൂന്ന് ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നവരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നതായാണ് ആരോപണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമം ലേഖകൻ ഷംസുദ്ദീനും മർദനമേറ്റു. ജീവനക്കാരുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ മൊഴിയെടുത്തു

അതേസമയം, സുരക്ഷാ ജീവനക്കാർ ജീവനക്കാരൻ കൈയിൽ കയറിപ്പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയും പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതിയിലും മാധ്യമപ്രവർത്തകനെ മർദിച്ചതിലും കേസ് എടുക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.