- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മീത്തൽ അനുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞുവെന്ന് സൂചന
കോഴിക്കോട്: വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിന്റേത് (അംബിക-26) കൊലപാതകമെന്ന് പൊലീസ്. തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് തുടർന്ന് നടത്തിയ അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി. മൃതദേഹത്തിൽനിന്ന് സ്വർണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാർ പരാതിപ്പെട്ടതോടെ മോഷണ ശ്രമത്തിനിടയിൽ നടന്ന കൊലപാതകമാണെന്ന സംശയം ശക്തമായി. എന്നാൽ ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടി.
ഇരിങ്ങണ്ണൂരിൽ നിന്ന് വാഹനത്തിൽ എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാനായി മുളിയങ്ങലിലേക്ക് കാൽനടയായാണ് വീട്ടിൽനിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ഒരു ബൈക്കിന്റെ പിന്നിൽ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പൊലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബൈക്കുകാരനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്. ഈ ബൈക്കുകാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അനുവിന്റെ കമ്മൽ മാത്രമാണ് ശരീരത്തിൽനിന്ന് ലഭിച്ചത്. സ്വർണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽനടന്ന പോസ്റ്റ്‌മോർട്ടത്തിൽ വെള്ളത്തിൽ മുങ്ങിയുള്ള മരണമാണെന്നാണ് ലഭിച്ച സൂചന.
എന്നാൽ തോട്ടിൽ ഒരാൾ സാധാരണഗതിയിൽ മുങ്ങിമരിക്കാനുള്ള വെള്ളവും ഉണ്ടായിരുന്നില്ല. നടന്നുപോകുന്നയാൾ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണ്. മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. തലയിൽ പരിക്കുമുണ്ടായിരുന്നു. റോഡിന് സമീപം തോട്ടിൽ മൊബൈൽ ഫോണും പേഴ്‌സും വീണുകിടക്കുന്നുമുണ്ടായിരുന്നു.
അനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിരുന്നു അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തുകയും പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തോട്ടിൽ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായതിനാൽ റവന്യൂ പൊലീസ് അധികൃതരുടെ സാന്നിധ്യത്തിൽ കരക്ക് എത്തിച്ചതോടെയാണ് അനുവിനെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ചകാലത്ത് ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ വേണ്ടി സ്വന്തം വീട്ടിൽ നിന്നും പുറപ്പെട്ട യുവതിയെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷിച്ചു ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത വർധിക്കുന്നത്. പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച ഇതായിരുന്നു.
മൃതദേഹം അർധനഗ്‌നമായ നിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാതായി. അനുവിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കൾ നൽകുന്ന വിശദീകരണം.